Sanju Samson: ധോണിക്ക് പകരക്കാരനായി ചെന്നൈയിലേക്ക്? സഞ്ജു രാജസ്ഥാനുമായി അത്ര നല്ല ബന്ധത്തിലല്ലെന്ന് റിപ്പോര്‍ട്ട്

രേണുക വേണു

വെള്ളി, 8 ഓഗസ്റ്റ് 2025 (10:55 IST)
Sanju Samson and MS Dhoni

Sanju Samson: മലയാളി താരം സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് വിടാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍. തന്നെ റിലീസ് ചെയ്യണമെന്ന് സഞ്ജു മാനേജ്‌മെന്റിനോടു ആവശ്യപ്പെട്ടതായാണ് ഫ്രാഞ്ചൈസിയുമായി അടുത്ത വൃത്തങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. 
 
സഞ്ജുവും രാജസ്ഥാന്‍ മാനേജ്‌മെന്റുമായി വളരെ ഗൗരവത്തിലുള്ള ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെന്നാണ് സൂചന. കഴിഞ്ഞ മെഗാ താരലേലത്തിനു ശേഷമാണ് സഞ്ജുവും രാജസ്ഥാന്‍ മാനേജ്‌മെന്റും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ആരംഭിച്ചത്. ഇംഗ്ലണ്ട് താരം ജോസ് ബട്‌ലറെയും ഇന്ത്യന്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനെയും രാജസ്ഥാന്‍ മാനേജ്‌മെന്റ് റിലീസ് ചെയ്തതില്‍ സഞ്ജുവിനു അതൃപ്തിയുണ്ടായിരുന്നു. 
 
2025 സീസണില്‍ പോയിന്റ് ടേബിളില്‍ ഒന്‍പതാം സ്ഥാനക്കാരായാണ് രാജസ്ഥാന്‍ ഫിനിഷ് ചെയ്തത്. ബട്‌ലറും ചഹലും ഉണ്ടായിരുന്നെങ്കില്‍ രാജസ്ഥാന്റെ പ്രകടനം മെച്ചപ്പെടുമായിരുന്നു എന്നാണ് സഞ്ജു വിശ്വസിക്കുന്നത്. നിലനിര്‍ത്തേണ്ട താരങ്ങളെ കുറിച്ച് മാനേജ്‌മെന്റിനു കൃത്യമായ പദ്ധതികളില്ലായിരുന്നെന്ന് സഞ്ജു കരുതുന്നു. ഇവിടെ നിന്നാണ് സഞ്ജുവും മാനേജ്‌മെന്റും തമ്മിലുള്ള സ്വരചേര്‍ച്ചക്കുറവ് ആരംഭിച്ചത്. 
 
മാനേജ്‌മെന്റിന്റെ നിലപാട് അറിയാന്‍ കാത്തിരിക്കുകയാണ് സഞ്ജു. താരത്തിനു തുടരാന്‍ താല്‍പര്യമില്ലെങ്കില്‍ റിലീസ് ചെയ്യാമെന്ന നിലപാടിലേക്ക് രാജസ്ഥാന്‍ ഉടന്‍ എത്തിയേക്കും. അതിനു മുന്‍പ് മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് സഞ്ജുവുമായി കൂടിക്കാഴ്ച നടത്തും. അതിനുശേഷമായിരിക്കും അന്തിമ തീരുമാനം. 
 
ചെന്നൈ സൂപ്പര്‍ കിങ്‌സ് അടക്കമുള്ള പ്രമുഖ ഫ്രാഞ്ചൈസികള്‍ സഞ്ജുവിനെ സമീപിച്ചതായും വിവരമുണ്ട്. മഹേന്ദ്രസിങ് ധോണിക്ക് പകരക്കാരനെ തേടുന്ന ചെന്നൈ തന്നെയായിരിക്കും സഞ്ജുവിനെ സ്വന്തമാക്കാന്‍ മുന്‍പന്തിയില്‍ ഉണ്ടാകുക. സഞ്ജു ടീമിലെത്തിയാല്‍ ഋതുരാജ് ഗെയ്ക്വാദിനു നായകസ്ഥാനം നഷ്ടപ്പെടാനും സാധ്യതയുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍