Sanju Samson: രാജസ്ഥാനിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് സഞ്ജു, ടീമിനെ അറിയിച്ചതായി റിപ്പോർട്ട്, 2026ൽ ചെന്നൈയോ കൊൽക്കത്തയോ?

അഭിറാം മനോഹർ

വെള്ളി, 8 ഓഗസ്റ്റ് 2025 (10:09 IST)
2025 ഐപിഎല്‍ സീസണിന് മുന്നോടിയായി രാജസ്ഥാന്‍ റോയല്‍സ് വിടാനൊരുങ്ങി മലയാളി താരം സഞ്ജു സാംസണ്‍. അടുത്ത സീസണില്‍ ഫ്രാഞ്ചൈസിക്കൊപ്പം തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് സഞ്ജു മാനേജ്‌മെന്റിനെ അറിയിച്ചതായി ക്രിക്ക്ബസാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസമടക്കം സഞ്ജു രാജസ്ഥാനൊപ്പം തുടരുമെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ സഞ്ജു തന്നെ മാനേജ്‌മെന്റിനോട് നേരിട്ട് ആവശ്യപ്പെട്ടെന്ന വിവരങ്ങളാണ് ഇപ്പോള്‍ വരുന്നത്. താരലേലത്തിന് മുന്‍പായി തന്നെ റിലീസ് ചെയ്യണമെന്നോ അതല്ലെങ്കില്‍ ട്രേഡ് ചെയ്യണമെന്നാണ് സഞ്ജു ആവശ്യപ്പെട്ടിട്ടുള്ളത്.
 
ഐപിഎല്‍ നിയമപ്രകാരം താരത്തിന്റെ താത്പര്യപ്രകാരം മാത്രം ഫ്രാഞ്ചൈസി മാറാനാവില്ല. ഇക്കാര്യത്തില്‍ രാജസ്ഥാന്‍ റോയല്‍സും സമ്മതം അറിയിക്കേണ്ടതുണ്ട്. നിലവില്‍ 2027 സീസണ്‍ അവസാനം വരെയാണ് സഞ്ജുവിന് രാജസ്ഥാനുമായി കരാറുള്ളത്.ഇക്കാലയളവ് വരെ സഞ്ജുവിനെ നിലനിര്‍ത്താനാണ് താത്പര്യമെന്നാണ് കഴിഞ്ഞ ദിവസം പോലും രാജസ്ഥാന്‍ മാനേജ്‌മെന്റ് വ്യക്തമാക്കിയത്. 2015 മുതല്‍ രാജസ്ഥാന്‍ ടീമിന്റെ ഭാഗമാണ് സഞ്ജു. രാജസ്ഥാന് ഐപിഎല്ലില്‍ സസ്‌പെന്‍ഷന്‍ ലഭിച്ച 2016,2017 സീസണുകളില്‍ മാത്രമാണ് സഞ്ജു മറ്റൊരു ഫ്രാഞ്ചൈസിക്കായി കളിച്ചത്. അതേസമയം സഞ്ജുവിനെ സ്വന്തമാക്കാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമുകളാണ് താത്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍