ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ബ്രസീല്‍ ടീമില്‍ നെയ്മര്‍ ജൂനിയറിനെ തഴഞ്ഞ് കാര്‍ലോ ആഞ്ചലോട്ടി. ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള 23 അംഗ ബ്രസീല്‍ ടീമിനെയാണ് പ്രഖ്യാപിച്ചത്. കാര്‍ലോ ആഞ്ചലോട്ടി പരിശീലകനായ ശേഷം ഇത് രണ്ടാം തവണയാണ് നെയ്മറിനെ ടീമില്‍ നിന്നും തഴയുന്നത്. നിലവില്‍ ബ്രസീലിയന്‍ ക്ലബായ സാന്റോസില്‍ കളിക്കുന്ന നെയ്മര്‍ പരിക്കില്‍ നിന്നും പൂര്‍ണ്ണ മുക്തനല്ലെന്നാണ് ആഞ്ചലോട്ടി വ്യക്തമാക്കുന്നത്.
2023 ഒക്ടോബറിന് ശേഷം നെയ്മര്‍ ബ്രസീല്‍ ടീമില്‍ കളിച്ചിട്ടില്ല. ബ്രസീല്‍ ദേശീയ കുപ്പായത്തില്‍ 79 ഗോള്‍ നേടിയിട്ടുള്ള നെയ്മര്‍ ബ്രസീലിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയിട്ടുള്ള താരമാണ്. നെയ്മറിനെ കൂടാതെ വിനീഷ്യസ് ജൂനിയര്‍, റോഡ്രിഗോ എന്നിവരെയും ആഞ്ചലോട്ടി ഒഴിവാക്കി. ഇരുവരുടെയും മികവില്‍ സംശയമില്ലെന്നും എന്നാല്‍ കൂടുതല്‍ താരങ്ങള്‍ക്ക് അവസരം നല്‍കാനാണ് ഈ തീരുമാനമെന്നും ആഞ്ചലോട്ടി വ്യക്തമാക്കി.
അലിസണ്‍ ബെക്കര്‍, അലക്‌സ് സാന്ദ്രോ, മാര്‍ക്വീഞ്ഞോസ്, ബ്രൂണോ ഗ്യുമെറസ്, ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി, യാവോ പെഡ്രോ, മാത്തേയൂസ് കുഞ്ഞ, റഫീഞ്ഞ, റിച്ചാര്‍ലിസന്‍ തുടങ്ങിയവരും ടീമിലുണ്ട്.സെപ്റ്റംബര്‍ നാലിന് ചിലിക്കെതിരെയും 9ന് ബൊളിവിയക്കെതിരെയുമാണ് ബ്രസീലിന്റെ അടുത്ത മത്സരങ്ങള്‍. 16 കളികളില്‍ 25 പോയന്റുമായി ബ്രസീല്‍ അടുത്ത വര്‍ഷത്തെ ലോകകപ്പിനായി യോഗ്യത നേടിയിരുന്നു.