നെയ്മറും മെസ്സിയുമില്ല: ലോകകപ്പ് യോഗ്യതാ റൗണ്ട് ബ്രസീല്‍- അര്‍ജന്റീന പോരിന്റെ മാറ്റ് കുറച്ച് സൂപ്പര്‍ താരങ്ങളുടെ അസ്സാന്നിധ്യം

അഭിറാം മനോഹർ

ചൊവ്വ, 18 മാര്‍ച്ച് 2025 (12:57 IST)
ഉറുഗ്വെയ്ക്കും ബ്രസീലിനുമെതിരായ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു. ഇതിഹാസതാരം ലയണല്‍ മെസ്സിയില്ലാത്ത ടീമിനെയാണ് അര്‍ജന്റീന പ്രഖ്യാപിച്ചത്. ആദ്യം പ്രഖ്യാപിച്ച ടീമില്‍ മെസ്സിയും ഭാഗമായിരുന്നു. എന്നാല്‍ മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍മിയാമിക്ക് കളിക്കുന്നതിനിടെ മെസ്സിക്ക് പരിക്കേറ്റിരുന്നു. ഇതാണ് 37കാരനായ താരത്തിന് വിനയായി മാറിയത്. ഈ മാസം 22നാണ് ഉറുഗ്വെയ്‌ക്കെതിരായ പോരാട്ടം. പിന്നീട് 26നാണ് ലോകം കാത്തിരിക്കുന്ന ബ്രസീല്‍- അര്‍ജന്റീന പോരാട്ടം.
 
നേരത്തെ പ്രഖ്യാപിച്ച ബ്രസീല്‍ ടീമില്‍ ബ്രസീല്‍ സൂപ്പര്‍ താരമായ നെയ്മറും ഉള്‍പ്പെട്ടിരുന്നില്ല. ഇതോടെ 2 സൂപ്പര്‍ താരങ്ങള്‍ നേര്‍ക്കുനേര്‍ പൊരുതുന്നത് കാണാമെന്ന ആരാധകരുടെ പ്രതീക്ഷകളാണ് ഇല്ലാതെയായത്. നെയ്മറിന് പകരം റയല്‍ മാഡ്രിഡിന്റെ യുവ സ്‌ട്രൈക്കറായ എന്‍ട്രിക്കിനെ ബ്രസീല്‍ ടീമിലെടുത്തു. മാര്‍ച്ച് 21ന് കൊളംബിയക്കെതിരെയും 26ന് അര്‍ജന്റീനയ്ക്ക് എതിരെയുമാണ് ബ്രസീലിന്റെ മത്സരങ്ങള്‍.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍