ഗ്രാൻസ്ലാം ചരിത്രത്തിലെ പ്രായം കൂടിയ ജേതാവ്, 45 വയസ്സിൽ ടെന്നീസ് കോർട്ടിനോട് വിടപറഞ്ഞ് രോഹൻ ബൊപ്പണ്ണ,
2 പതിറ്റാണ്ടുകള്‍ നീണ്ട തന്റെ ടെന്നീസ് കരിയറിന് വിരാമമിട്ട് പ്രൊഫഷണല്‍ ടെന്നീസില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപനവുമായി റോഹന്‍ ബൊപ്പണ്ണ. പുരുഷ ഗ്രാന്‍സ്ലാമിലെ ഏതെങ്കിലും വിഭാഗത്തില്‍ ചാമ്പ്യനാകുന്ന ഏറ്റവും പ്രായം കൂടിയ താരം. ഡബിള്‍സ് ടെന്നീസില്‍ പ്രായം കൂടിയ ഒന്നാം നമ്പര്‍ താരം എന്നീ റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയശേഷമാണ് 45കാരനായ ബൊപ്പണ്ണ ടെന്നീസ് കോര്‍ട്ടിനോട് വിടപറയുന്നത്.
നിങ്ങളുടെ ജീവിതത്തിന് അര്‍ഥം നല്‍കിയ ഒന്നിനോട് എങ്ങനെയാണ് വിടപറയാനാവുക. അവിസ്മരണീയമായ 20 വര്‍ഷത്തെ യാത്രയ്ക്ക് ശേഷം സമയമായിരിക്കുന്നു. ഔദ്യോഗികമായി എന്റെ റാക്കറ്റ് താഴെ വെയ്ക്കുകയാണ്. ഇന്ത്യയെ പ്രതിനിധീകരിക്കുക എന്നതിനെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയായാണ് കാണുന്നത്. ഓരോ തവണ കോര്‍ട്ടില്‍ കാലുകുത്തുമ്പോഴും ആ പതാകയ്ക്കും അഭിമാനത്തിനുമായാണ് കളിച്ചത്. വിരമിക്കല്‍ പ്രഖ്യാപനത്തെ പറ്റി രോഹന്‍ ബൊപ്പണ്ണ കുറിച്ചു.
കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ പുരുഷ ഡബിള്‍സ് വിഭാഗം ചാമ്പ്യനായിരുന്നു ബൊപ്പണ്ണ. ഇതോടെ പുരുഷ ഗ്രാന്‍സ്ലാമില്‍ ഏതെങ്കിലും വിഭാഗത്തില്‍ ചാമ്പ്യനാകുന്ന പ്രായം കൂടിയ താരമായി ബൊപ്പണ്ണ മാറി. 2017ല്‍ കനേഡിയന്‍ താരം ഗബ്രിയേല ദബ്രോവ്‌സ്‌കിക്കൊപ്പം ഫ്രഞ്ച് ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സ് കിരീടവും ബൊപ്പണ്ണ നേടിയിട്ടുണ്ട്. ലിയാണ്ടര്‍ പെയ്‌സ്, മഹേഷ് ഭൂപതി, സാനിയ മിര്‍സ എന്നിവര്‍ക്ക് ശേഷം ഡബിള്‍സ് ലോക റാങ്കിങ്ങില്‍ ഒന്നാമതെത്തുന്ന ഇന്ത്യന്‍ താരമാണ് ബൊപ്പണ്ണ.