കരിയറിൽ ആദ്യമായി തുടർച്ചയായി ഡക്കുകൾ, കാണികളെ ഗ്ലൗസ് ഉയർത്തി അഭിവാദ്യം ചെയ്ത് കോലി, ഇത് വിടവാങ്ങലോ?, സോഷ്യൽ മീഡിയയിൽ ചർച്ച

അഭിറാം മനോഹർ

വ്യാഴം, 23 ഒക്‌ടോബര്‍ 2025 (12:53 IST)
17 വര്‍ഷത്തെ കരിയറില്‍ ആദ്യമായി തുടര്‍ച്ചയായ 2 ഏകദിനമത്സരങ്ങളില്‍ സംപൂജ്യനായി വിരാട് കോലി. ചാമ്പ്യന്‍സ് ട്രോഫി സ്വന്തമാക്കിയതിന് ശേഷം നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ജേഴ്‌സിയില്‍ തിരിച്ചെത്തിയ കോലി ഓസീസിനെതിരായ ആദ്യ ഏകദിനത്തില്‍ 8 പന്തില്‍ റണ്‍സൊന്നും നേടാതെയാണ് മടങ്ങിയത്. രണ്ടാം ഏകദിനത്തില്‍ 4 പന്തുകള്‍ നേരിട്ട് താരം പൂജ്യനായി മടങ്ങുകയായിരുന്നു.
 
അഡലെയ്ഡ് ഓവലില്‍ നടക്കുന്ന രണ്ടാം ഏകദിനത്തില്‍ സേവ്യര്‍ ബാര്‍ട്ട്ലെറ്റാണ് കോലിയെ വിക്കറ്റിന് മുന്നില്‍ കുടുക്കിയത്. മികച്ച പ്രകടനം നല്‍കാനാവാതെ കോലി പുറത്തായത് നിരാശപ്പെടുത്തുന്നതാണെങ്കിലും മത്സരത്തില്‍ ഔട്ടായി മടങ്ങുന്നതിനിടെ കോലി ഗ്ലൗ ഉയര്‍ത്തി ആരാധകരെ അഭിവാദ്യം ചെയ്തതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. പൂജ്യനായി തലകുനിച്ച് മടങ്ങുകയായിരുന്ന കോലിയെ ഹര്‍ഷാരവത്തോടെയാണ് കാണികള്‍ യാത്രയാക്കിയത്. ഇതോടെ കയ്യിലെ ഗ്ലൗസ് ഉയര്‍ത്തി കാണിച്ചാണ് കോലി മടങ്ങിയത്.
 

क्या ये विराट कोहली का आखिरी ODI सीरीज हो सकता है? क्योंकि कोहली ने आउट होकर वापस जाते समय क्राउड को good bye बोला है।#INDvsAUS #ViratKohli pic.twitter.com/sVhW74uSLs

— Jara Memer (@JARA_Memer) October 23, 2025
 ഒരുപക്ഷേ താന്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള അഡലെയ്ഡ് ഓവലിലെ തന്റെ അവസാന മത്സരമായതുകൊണ്ടാകാം കോലി ഇങ്ങനെ ചെയ്തതെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ കോലി ഇങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യാറില്ലെന്നും തന്റെ വിടവാങ്ങല്‍ അടുത്തെന്ന സൂചനയാണ് താരം നല്‍കിയതെന്നും സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ പറയുന്നു.
 
പെര്‍ത്തിലെ ആദ്യ ഏകദിനത്തിന് മുന്‍പായി തന്റെ ഫിറ്റ്‌നസിനെ പറ്റിയും പരമ്പരയ്ക്കായി നടത്തിയ തയ്യാറെടുപ്പിനെ പറ്റിയും കോലി ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. 2027ലെ ലോകകപ്പ് കളിക്കാനുള്ള സ്വപ്നം ഉപേക്ഷിച്ചിട്ടില്ലെന്ന സൂചനയും താരം നല്‍കിയിരുന്നു. എന്നാല്‍ ഇതിന് ശേഷം നടന്ന 2 മത്സരങ്ങളിലും റണ്‍സെടുക്കാതെ മടങ്ങിയതോടെ കോലിയുടെ ദേശീയ ടീമിലെ സ്ഥാനം ചോദ്യം ചെയ്യപ്പെടുകയാണ്. പെട്ടെന്നുള്ള വിരമിക്കല്‍ തീരുമാനമുണ്ടാകുമോ എന്ന ആശങ്കയിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍