India vs Australia: ഓസീസിനെതിരായ രണ്ടാം ഏകദിനം നാളെ, വാഷിങ്ടൺ സുന്ദർ പുറത്തേക്ക്, ഇന്ത്യൻ ടീമിൽ 2 മാറ്റങ്ങൾക്ക് സാധ്യത
ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിന മത്സരത്തിന് നാളെ ഇന്ത്യ ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ ടീമില്‍ 2 മാറ്റങ്ങള്‍ക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്. 3 മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട ഇന്ത്യ 1-0ത്തിന് പിന്നിലാണ്. പെര്‍ത്തില്‍ നടന്ന ആദ്യ ഏകദിനത്തില്‍ 7 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോൽവി. പരമ്പരയില്‍ സാധ്യത നിലനിര്‍ത്താന്‍ നാളെ നടക്കുന്ന മത്സരം ഇന്ത്യയ്ക്ക് വിജയിക്കേണ്ടതുണ്ട്. രണ്ടാം മത്സരത്തിലും വിരാട് കോലി- രോഹിത് ശര്‍മ എന്നിവര്‍ തന്നെയാകും ശ്രദ്ധാകേന്ദ്രങ്ങള്‍.
രണ്ടാം മത്സരത്തിലിറങ്ങുമ്പോള്‍ 2 മാറ്റങ്ങളാണ് ഇന്ത്യന്‍ ടീമില്‍ പ്രതീക്ഷിക്കുന്നത്.കഴിഞ്ഞ മത്സരത്തില്‍ കളിക്കാതിരുന്ന സ്പിന്നര്‍ കുല്‍ദീപ് യാദവിന് രണ്ടാം ഏകദിനത്തില്‍ അവസരം നല്‍കിയേക്കും. അങ്ങനെയെങ്കില്‍ വാഷിങ്ടണ്‍ സുന്ദറാകും ടീമില്‍ നിന്നും പുറത്താകുക. പെര്‍ത്തില്‍ കാര്യമായ പ്രകടനം നടത്താനാവാതെ പോയ ഹര്‍ഷിത് റാണയേയും മാറ്റാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ പ്രസിദ്ധ് കൃഷ്ണയാകും പകരക്കാരനായി ടീമിലെത്തുക.