യുവതാരമായ സര്‍ഫറാസ് ഖാനെ ഇന്ത്യന്‍ എ ടീമിലേക്ക് പരിഗണിക്കാത്തതില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ വാക്‌പോര് നടത്തുന്നതിനിടെ വിഷയത്തില്‍ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. സര്‍ഫറാസിന്റെ കാര്യത്തില്‍ സെലക്ടര്‍മാര്‍ക്കും പരിശീലകനും കൃത്യമായ പദ്ധതികളുണ്ടാകാമെന്നും ആരാധകരുടെ കണ്ണില്‍ ചിലപ്പോഴത് തെറ്റായി തോന്നാമെന്നും എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ ഇര്‍ഫാന്‍ പറഞ്ഞു.
കാര്യങ്ങളെ വളച്ചൊടിക്കരുതെന്നും സത്യവുമായി പുലബന്ധമില്ലാത്ത ആരോപണങ്ങളുമായി രംഗത്ത് വരരുതെന്നും പത്താന്‍ വ്യക്തമാക്കി. സര്‍ഫറാസിനെ ഇന്ത്യന്‍ എ ടീമിലേക്ക് പരിഗണിക്കാത്തതില്‍ രവിചന്ദ്ര അശ്വിനും നിരാശ പങ്കുവെച്ചിരുന്നു. സര്‍ഫറാസിനെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാത്തത് സര്‍ഫറാസ് മുസ്ലീമായത് കൊണ്ടാണെന്നും ഇന്ത്യന്‍ പരിശീലകനായ ഗൗതം ഗംഭീറിന്റെ നിലപാട് നമ്മള്‍ക്ക് അറിയാവുന്നതാണല്ലോ എന്നും കുറിച്ച് കൊണ്ട് കോണ്‍ഗ്രസ് വക്താവ് ഷമാ മുഹമ്മദ് എക്‌സില്‍ പോസ്റ്റിട്ടതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ മതാടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് ബിജെപി ഇതിനെതിരെ തിരിച്ചടിച്ചിരുന്നു. ഇന്ത്യയില്‍ ന്യൂസിലന്‍ഡ് നടത്തിയ ടെസ്റ്റ് പര്യടനത്തിലാണ് സര്‍ഫറാസ് ഇന്ത്യയ്ക്കായി അവസാനമായി കളിച്ചത്. ഇതിന് പിന്നാലെ ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലുമായി നടന്ന പരമ്പരകളില്‍ താരത്തിന് ടീമില്‍ ഇടം ലഭിച്ചിരുന്നില്ല. എന്നാല്‍ ഇന്ത്യയില്‍ വെസ്റ്റിന്‍ഡീസിനെതിരെ നടന്ന പരമ്പരയില്‍ അവസരം നല്‍കാതിരുന്നതോടെയാണ് സര്‍ഫറാസിനെ ഒഴിവാക്കുകയാണെന്ന പരാതികള്‍ ഉയര്‍ന്നത്. ഇതിന് പിന്നാലെയാണ് ഇന്ത്യന്‍ എ ടീമിലും താരം പരിഗണിക്കപ്പെടാതെ പോയത്.