ഇന്ത്യ എ ടീം സെലക്ഷനില്‍ ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള സര്‍ഫറാസ് ഖാനെ ഒഴിവാക്കിയതിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ് ഷമാ മുഹമ്മദ്. മതപരമായ വേര്‍തിരിവ് സെലക്ഷനില്‍ ഇന്ത്യന്‍ പരിശീലകനായ ഗൗതം ഗംഭീര്‍ വെച്ചുപുലര്‍ത്തുന്നുണ്ടെന്നും സര്‍ഫറാസ് 'ഖാന്‍' ആയതുകൊണ്ടാണോ ടീമില്‍ ഇടം പിടിക്കാതെ പോയതെന്നും ഷമ ചോദിക്കുന്നു.
എക്‌സിലൂടെയാണ് ഷമാ മുഹമ്മദ് ഗുരുതരമായ ആരോപണം ഉന്നയിച്ചത്. സര്‍ഫറാസിനെ തിരെഞ്ഞെടുക്കാതിരുന്നത് അദ്ദേഹത്തിന്റെ സര്‍ നെയിം കാരണമാണോ?, വെറുതെ ചോദിക്കുന്നതാണ്. നമുക്കെല്ലാവര്‍ക്കും അറിയാമല്ലോ ഈ വിഷയത്തില്‍ ഗൗതം ഗംഭീറിന്റെ നിലപാട് എന്താണെന്ന്. എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ ഷമാ മുഹമ്മദ് കുറിച്ചു. 2024ല്‍ ന്യൂസിലന്‍ഡിനെതിരെ ടെസ്റ്റ് പരമ്പരയില്‍ കളിച്ചതിന് ശേഷം സര്‍ഫറാസിനെ ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് പരിഗണിച്ചിരുന്നില്ല.
ഇംഗ്ലണ്ടിലേക്കും ഓസ്‌ട്രേലിയയിലേക്കുമുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീമുകളിലേക്കും സര്‍ഫറാസ് പരിഗണിക്കപ്പെട്ടിരുന്നില്ലെങ്കിലും വെസ്റ്റിന്‍ഡീസിനെതിരായ ഹോം പരമ്പരയ്ക്ക് മുന്‍പ് ഫിറ്റ്‌നസില്‍ കാര്യമായ മാറ്റം സര്‍ഫറാസ് വരുത്തിയിരുന്നു. വെസ്റ്റിന്‍ഡീസിനെതിരെ സര്‍ഫറാസിന് അവസരം നല്‍കാതിരുന്നത് പലരെയും ഞെട്ടിച്ച തീരുമാനമായിരുന്നു. ഇതിന് പിന്നാലെയാണ് ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ പരമ്പരയില്‍ നിന്നും താരത്തെ പുറത്താക്കിയത്.
അതേ സമയം ഇതാദ്യമായല്ല ഇന്ത്യന്‍ ക്രിക്കറ്റിനെ പറ്റി ഷമാ മുഹമ്മദ് അഭിപ്രായം പങ്കുവെയ്ക്കുന്നത്. നേരത്തെ ഇന്ത്യന്‍ നായകനായ രോഹിത് ശര്‍മയെ തടിച്ച കായികതാരം എന്ന് വിശേഷിപ്പിച്ച ഷമയുടെ പോസ്റ്റ് വലിയ വിവാദമായി മാറിയിരുന്നു. അതേസമയം സര്‍ഫറാസ് ഖാനെ ഇന്ത്യ എ ടീമില്‍ ഉള്‍പ്പെടുത്താതിരുന്ന തീരുമാനത്തെ ചോദ്യം ചെയ്ത് എഐഎംഐഎം പ്രസിഡന്റ് അസദ്ദുദ്ദീന്‍ ഒവൈസിയും രംഗത്ത് വന്നിട്ടുണ്ട്.