അന്താരാഷ്ട്ര ക്രിക്കറ്റില്‍ നേരത്തെ അരങ്ങേറ്റം കുറിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ഇന്ത്യന്‍ ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ നേട്ടം താന്‍ മറികടക്കുമായിരുന്നുവെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരമായ മൈക്കല്‍ ഹസ്സി. മിസ്റ്റര്‍ ക്രിക്കറ്റ് എന്ന വിശേഷണമുള്ള മൈക്ക് ഹസ്സി ഇരുപത്തിയൊന്‍പതാം വയസ്സിലാണ് ഓസ്‌ട്രേലിയയ്ക്കായി അരങ്ങേറ്റം കുറിച്ചത്.
ഓസ്‌ട്രേലിയന്‍ ദേശീയ ടീമിലെത്തും മുന്‍പ് ആഭ്യന്തര ലീഗില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ചവെയ്ക്കാനായിരുന്നെങ്കിലും താരനിബിഡമായ ഓസ്‌ട്രേലിയന്‍ ടീമിലേക്ക് ഹസ്സിക്ക് അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. 29 വയസ്സില്‍ അരങ്ങേറി 8 വര്‍ഷം നീണ്ട് നിന്ന കരിയറില്‍ 3 ഫോര്‍മാറ്റിലും സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ കാഴ്ചവെയ്ക്കാന്‍ മൈക്ക് ഹസ്സിക്ക് സാധിച്ചിരുന്നു.
ഒരു അഭിമുഖത്തിനിടെയാണ് ഹസ്സി ഇങ്ങനെ അഭിപ്രായപ്പെട്ടത്. സത്യത്തില്‍ ഇതിനെ പറ്റി ഞാന്‍ ഒരുപാട് ചിന്തിച്ചിട്ടുണ്ട്. അരങ്ങേറ്റം നേരത്തെയാക്കാന്‍ സാധിച്ചിരുന്നെങ്കില്‍ സച്ചിനേക്കാള്‍ 5000 റണ്‍സ് കൂടുതല്‍ നേടാമായിരുന്നു. കൂടുതല്‍ സെഞ്ചുറികള്‍, ഏറ്റവും കൂടുതല്‍ വിജയങ്ങള്‍, ആഷസ് വിജയങ്ങള്‍,ലോകകപ്പ് വിജയങ്ങള്‍. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഞാന്‍ രാവിലെ ഉണരുമ്പോള്‍ അതെല്ലാം ഒരു സ്വപ്നം മാത്രമാണ്.മൈക്ക് ഹസ്സി പറഞ്ഞു.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റുകളിലുമായി 12,398 റണ്‍സാണ് ഹസ്സി നേടിയത്. 79 ടെസ്റ്റില്‍ 19 സെഞ്ചുറികളടക്കം 6235 റണ്‍സ്. 185 ഏകദിനങ്ങളില്‍ നിന്ന് 3 സെഞ്ചുറികളടക്കം 5442 റണ്‍സ്.38 ടി20 മത്സരങ്ങളില്‍ നിന്ന് 721 റണ്‍സ് എന്നിങ്ങനെയാണ് അന്താരാഷ്ട്ര ക്രിക്കറ്റിലെ ഹസ്സിയുടെ പ്രകടനം. ആഭ്യന്തര ക്രിക്കറ്റില്‍ 273 മത്സരങ്ങളില്‍ നിന്ന് 23,000ത്തോളം റണ്‍സാണ് ഹസി നേടിയിട്ടുള്ളത്. ഇതില്‍ 61 സെഞ്ചുറികളും ഉള്‍പ്പെടുന്നു.