ഇംഗ്ലണ്ട് - ഇന്ത്യ ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് മത്സരം മൈതാനത്ത് വാശിയേറിയ ഒട്ടനേകം നിമിഷങ്ങള്‍ സമ്മാനിച്ച മത്സരമായിരുന്നു. മത്സരത്തില്‍ ഇന്ത്യയുടെ ആദ്യ ഇന്നിങ്ങ്‌സ് ബാറ്റിംഗ് അവസാനിച്ചതിന് പിന്നാലെ മൂന്നാം ദിവസത്തിലെ അവസാന സമയത്താണ് ഇംഗ്ലണ്ട് മറുപടി ബാറ്റിങ്ങിനിറങ്ങിയത്. ഈ സമയത്താണ് മത്സരം നീട്ടാനായി ഇംഗ്ലണ്ട് ബാറ്റര്‍ സാക് ക്രോളി നടത്തിയ ശ്രമത്തിനെതിരെ ഇന്ത്യന്‍ ടീം ഒന്നടങ്കം രംഗത്ത് വന്നത്. ബുമ്ര എറിഞ്ഞ ഓവറിലെ പന്ത് ക്രോളിയുടെ കയ്യില്‍ കൊണ്ടതോടെ ഇന്ത്യന്‍ ടീമംഗങ്ങള്‍ കയ്യടിയുമായി താരത്തിന് നേര്‍ക്കടുത്തിരുന്നു. ഒരുപടി കൂടി കടന്ന് നായകന്‍ ശുഭ്മാന്‍ ഗില്‍ അശ്ലീലവാക്കുകള്‍ ക്രോളിക്കെതിരെ ഉപയോഗിക്കുകയും കളിക്കളത്തില്‍ വാക് തര്‍ക്കമുണ്ടാവുകയും ചെയ്തിരുന്നു. മത്സരശേഷം ഇതിനെ പറ്റി ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സ് പ്രതികരിക്കുകയും ചെയ്തു.
അത് ആവേശം കൊണ്ട് സംഭവിക്കുന്നതാണ്. അത്രയും സമ്മര്‍ദ്ദത്തിലായിരിക്കുമ്പോള്‍ ഇങ്ങനെ സംഭവിക്കുന്നത് സ്വാഭാവികമാണ്. നമ്മുടെ ഓപ്പണര്‍മാര്‍ക്ക് നേരെ 11 പേര്‍ ചുറ്റി നില്‍ക്കുമ്പോള്‍ അത് ടീമിനെ ഒന്നടങ്കം ആവേശം പിടിപ്പിക്കും. ബെന്‍ സ്റ്റോക്‌സ് പറഞ്ഞു. അതേസമയം മത്സരശേഷം കളിക്കളത്തിലെ ശത്രുതയൊന്നും പ്രകടിപ്പിക്കാതെ കളി കഴിഞ്ഞയുടന്‍ തന്നെ സിറാജിനെയും രവീന്ദ്ര ജഡേജയേയും ആശ്വസിപ്പിക്കാന്‍ ഇംഗ്ലണ്ട് താരങ്ങള്‍ ഓടിയടുക്കുന്നതും മത്സരത്തിലെ കാഴ്ചയായിരുന്നു. രവീന്ദ്ര ജഡേജയെ കെട്ടിപിടിച്ചുകൊണ്ടാണ് സ്റ്റോക്‌സ് ആശ്വസിപ്പിച്ചത്. അതേസമയം ജോ റൂട്ട്, സാക് ക്രോളി എന്നിവരാണ് സിറാജിന്റെ അടുത്തേക്ക് ആദ്യമായി എത്തിയത്.