Kohli vs Sachin: കോലി നേരിട്ട സമ്മർദ്ദം വലുതാണ്, സച്ചിനേക്കാൾ മികച്ച താരം തുറന്ന് പറഞ്ഞ് മുൻ ഇംഗ്ലീഷ് പേസർ

അഭിറാം മനോഹർ

വ്യാഴം, 9 ഒക്‌ടോബര്‍ 2025 (17:48 IST)
ക്രിക്കറ്റില്‍ ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുമായി വിരാട് കോലിയെ താരതമ്യം ചെയ്യുന്നത് ഏറെക്കാലമായി ആരാധകര്‍ക്കിടയില്‍ നടക്കുന്ന ഒന്നാണ്. ഇരുവരുടെയും റെക്കോര്‍ഡുകള്‍,നേട്ടങ്ങള്‍ എന്നിവയെല്ലാം എപ്പോഴും ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകാറുണ്ട്. ഇപ്പോഴിതാ ഈ ചര്‍ച്ചയിലേക്ക് തന്റെ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലീഷ് പേസറായ സ്റ്റീവ് ഹാര്‍മിസണ്‍. കഴിഞ്ഞ 20-30 വര്‍ഷത്തില്‍ കളിയുടെ സ്വഭാവമാകെ മാറിയെന്നും അമിതമായ മാനസിക സമ്മര്‍ദ്ദവും മീഡിയ അറ്റെന്‍ഷനും കോലി അതിജീവിച്ചെന്നും ഇക്കാര്യം കൊണ്ട് തന്നെ കോലിയാണ് ഈ കാലഘട്ടത്തിലെ മികച്ച താരമെന്നും ഹാര്‍മിസണ്‍ പറയുന്നു.
 
സച്ചിന്‍ കരിയര്‍ ആരംഭിച്ചത് 1989ലാണ്. ടെസ്റ്റിനും ഏകദിനത്തിനും മുന്‍തൂക്കമുണ്ടായിരുന്ന കാലം. എന്നാല്‍ കോലിയുടെ വളര്‍ച്ച ഒരു ട്രാന്‍സിഷന്‍ പിരിയഡിലായിരുന്നു. ടി20കളുടെ പ്രാധാന്യം കൂടി. സോഷ്യല്‍ മീഡിയയുടെയും ഡിജിറ്റല്‍ മീഡിയയുടെയും നിരന്തരമായ നിരീക്ഷണവും വിമര്‍ശനവും കോലിയ്ക്ക് നേരിടേണ്ടി വന്നു. സച്ചിന്‍ നേരിട്ട വെല്ലുവിളികളേക്കാള്‍ കൂടുതലാണിത്. മാനസികമായി കഠിനമായ വെല്ലുവിളിയാണ് കോലി നേരിട്ടത്. ഹാര്‍മിസണ്‍ പറഞ്ഞു. ഇരുവരും തങ്ങളുടെ കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിനെ ഉയര്‍ത്തിയ മഹാന്മാരാണ്. ടെന്‍ഡുല്‍ക്കര്‍ ഒരു തലമുറയെ സ്വപ്നം കാണാന്‍ പഠിപ്പിച്ചപ്പോള്‍ കോലി ആ സ്വപ്നം ആത്മവിശ്വാസത്തോടെ നടപ്പിലാക്കി. ആരാണ് വലുത് എന്ന ചോദ്യത്തിന് ഒരിക്കലും ഒരു ഏകപക്ഷീയമായ ഉത്തരമുണ്ടാകില്ല. ഹാര്‍മിസണ്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍