ജിതേഷ് കളിക്കുമെന്നാണ് എല്ലാവരും കരുതിയത്, ഞാനും ഗൗതം ഭായിയും ചിന്തിച്ചത് മറ്റൊന്ന്, സഞ്ജുവിനെ ടീമിലെടുത്തതിൽ സൂര്യകുമാർ യാദവ്

അഭിറാം മനോഹർ

വ്യാഴം, 9 ഒക്‌ടോബര്‍ 2025 (19:23 IST)
ഏഷ്യാകപ്പ് ടി20 മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനം വന്നപ്പോള്‍ മലയാളി താരം സഞ്ജു സാംസണ് പ്ലേയിങ് ഇലവനില്‍ ഇടം ലഭിക്കുമോ എന്ന് ചിന്തിച്ചവര്‍ ഏറെയാണ്. ഓപ്പണിങ്ങില്‍ മികച്ച പ്രകടനമാണ് നടത്തിയതെങ്കിലും ശുഭ്മാന്‍ ഗില്‍ വന്നതോടെ മധ്യനിരയില്‍ സഞ്ജു കളിക്കുമോ എന്നതാണ് ആരാധകര്‍ സംശയിച്ചത്. ഫിനിഷര്‍ റോളില്‍ ജിതേഷ് ശര്‍മയുള്ളപ്പോള്‍ ഏഷ്യാകപ്പില്‍ സഞ്ജുവിന് ഇടം ലഭിക്കില്ലെന്ന് കരുതിയവര്‍ അനവധിയാണ്.
 
 ഇപ്പോഴിതാ സഞ്ജുവിനെ കളിപ്പിക്കാതിരിക്കുന്നതിനെ പറ്റി ചിന്തിച്ചിട്ടേയില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ടി20 ഫോര്‍മാറ്റിലെ ഇന്ത്യന്‍ നായകനായ സൂര്യകുമാര്‍ യാദവ്. പ്രാക്ടീസ് സെഷനുകളില്‍ സഞ്ജു നെറ്റ്‌സിന് പിന്നില്‍ എപ്പോഴും ഉണ്ടാകും. ഗൗതം ഭായിയുമായി സഞ്ജുവിനെ പറ്റി സംസാരിച്ചപ്പോള്‍ കഴിഞ്ഞ 10-15 ടി20 മത്സരങ്ങളില്‍ സഞ്ജു നന്നായി കളിച്ചെന്നും ബാറ്റിംഗ് പൊസിഷന്‍ മാറിയെങ്കിലും സഞ്ജു ടീമില്‍ വേണമെന്നുമുള്ള അഭിപ്രായമാണ് വന്നത്. പന്തുകള്‍ കുറച്ച് മാത്രമെ ലഭിക്കുള്ളുവെങ്കിലും സഞ്ജുവിന് ഇമ്പാക്ട് ഉണ്ടാക്കാന്‍ കഴിയും.ടൈംസ് ഓഫ് ഇന്ത്യ നടത്തിയ അഭിമുഖത്തില്‍ സൂര്യകുമാര്‍ പറഞ്ഞു.
 
ഏഷ്യാകപ്പില്‍ മധ്യനിരയിലാണ് ബാറ്റ് ചെയ്തതെങ്കിലും ഇന്ത്യയുടെ മൂന്നാമത്തെ റണ്‍ സ്‌കോററാകാന്‍ സഞ്ജുവിന് സാധിച്ചിരുന്നു. ശ്രീലങ്കക്കെതിരെ സൂപ്പര്‍ ഫോറിലും പാകിസ്ഥാനെതിരായ ഫൈനല്‍ മത്സരത്തിലും ടീമിന് നിര്‍ണായക സംഭാവനകള്‍ നല്‍കാനും സഞ്ജുവിനായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍