Lord's Test: റിഷഭ് പന്തിന്റെ റണ്ണൗട്ടാണ് കളി മാറ്റിമറിച്ചത്,ഒരു റണ്‍ പോലും ലീഡ് നേടാന്‍ ഇന്ത്യയ്ക്കായില്ല: സുനില്‍ ഗവാസ്‌കര്‍

അഭിറാം മനോഹർ

ചൊവ്വ, 15 ജൂലൈ 2025 (13:25 IST)
ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍ അവസാന നിമിഷം വരെ പോരാടി മത്സരം കൈവിട്ടതിന്റെ നിരാശയിലാണ് ക്രിക്കറ്റ് ആരാധകര്‍. ഇഞ്ചോടിഞ്ച് ഇരുടീമുകളും പോരാടിയ മത്സരം വെറും 22 റണ്‍സകലെയാണ് ഇന്ത്യ കൈവിട്ടത്. അവസാന ഓവറുകളില്‍ അസാമാന്യമായ പോരാട്ടമായിരുന്നു രവീന്ദ്ര ജഡേജയും വാലറ്റക്കാരായ ജസ്പ്രീത് ബുമ്രയും മുഹമ്മദ് സിറാജും ചേര്‍ന്ന് നടത്തിയത്. മത്സരത്തില്‍ ഇന്ത്യന്‍ തോല്‍വിക്ക് പല കാരണങ്ങളും ആരാധകര്‍ പറയുന്നുണ്ടെങ്കിലും ആദ്യ ഇന്നിങ്ങ്‌സിലെ റിഷഭ് പന്തിന്റെ റണ്ണൗട്ടാണ് ഇന്ത്യയ്ക്ക് മത്സരം നഷ്ടപ്പെടുത്തിയതെന്നാണ് ഇതിഹാസതാരമായ സുനില്‍ ഗവാസ്‌കര്‍ പറയുന്നത്. 
 
മത്സരത്തില്‍ കൈവിരലിനേറ്റ പരിക്ക് വകവെയ്ക്കാതെ ബാറ്റ് ചെയ്ത റിഷഭ് പന്ത് ആദ്യ ഇന്നിങ്ങ്‌സില്‍ കെ എല്‍ രാഹുലുമായി ചേര്‍ന്ന് നിര്‍ണായകമായ 141 റണ്‍സിന്റെ കൂട്ടുക്കെട്ട് പടുത്തുയര്‍ത്തി ഇന്ത്യയെ മത്സരത്തിലേക്ക് കൊണ്ടുവന്നിരുന്നു. ആദ്യ ഇന്നിങ്ങ്‌സില്‍ ലീഡ് സ്വന്തമാക്കാന്‍ ഇരുവരും ക്രീസില്‍ വേണമെന്ന ഘട്ടത്തില്‍ അനാവശ്യമായ റണ്‍സിന് ശ്രമിച്ച് റിഷഭ് പന്ത് റണ്ണൗട്ടാവുകയായിരുന്നു.
 
പന്തും രാഹുലും മികച്ച കൂട്ടുക്കെട്ടുണ്ടാക്കി ഇംഗ്ലണ്ടിനെ ശരിക്കും സമ്മര്‍ദ്ദത്തിലാക്കി. എന്നിരുന്നാലും മൂന്നാം ദിനത്തിലെ ഉച്ചഭക്ഷണത്തിന് തൊട്ടുമുന്‍പ് ബെന്‍ സ്റ്റോക്‌സ് പന്തിനെ റണ്ണൗട്ടാക്കിയത് മത്സരഗതിയെ മാറ്റി മറിച്ചു. ഇന്ത്യ ആദ്യ ഇന്നിങ്ങ്‌സില്‍ ലീഡ് നേടാന്‍ ഒരുങ്ങുകയായിരുന്നു. എന്നാല്‍ ഈ പുറത്താകല്‍ ടീമിനെ ബാധിച്ചു. ഒരു റണ്‍സ് പോലും ലീഡ് നേടാനാകാതെയാണ് ഇന്ത്യ ആദ്യ ഇന്നിങ്ങ്‌സ് അവസാനിപ്പിച്ചത്. ഗവാസ്‌കര്‍ പറഞ്ഞു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍