കാർഗിൽ യുദ്ധസമയത്ത് പോലും പാകിസ്ഥാന് കൈകൊടുത്തിട്ടുണ്ട്, ഗെയിം സ്പിരിറ്റിനെ ബഹുമാനിക്കണം: ശശി തരൂർ

അഭിറാം മനോഹർ

വ്യാഴം, 25 സെപ്‌റ്റംബര്‍ 2025 (17:52 IST)
ഏഷ്യാകപ്പ് ടൂര്‍ണമെന്റിനിടെയുണ്ടായ ഹസ്തദാന വിവാദത്തില്‍ ഇന്ത്യന്‍ ടീമിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് എം പി ശശി തരൂര്‍. കാര്‍ഗില്‍ യുദ്ധകാലത്ത് പോലും ഇന്ത്യന്‍ ടീം പാകിസ്ഥാനുമായി ക്രിക്കറ്റ് കളിച്ചിട്ടുണ്ടെന്നും അന്ന് പാക് താരങ്ങള്‍ക്ക് കൈ നല്‍കാന്‍ മടിച്ചിട്ടില്ലെന്നും ശശി തരൂര്‍ ഓര്‍മിപ്പിച്ചു. പാകിസ്ഥാനുമായി കളിക്കാന്‍ തീരുമാനിച്ചാല്‍ കളിയുടെ സ്പിരിറ്റിലാകണം കളിക്കേണ്ടതെന്നും ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനത്തില്‍ തരൂര്‍ വ്യക്തമാക്കി.
 
പാകിസ്ഥാനെതിരെ ശക്തമായ നിലപാടാണ് സ്വീകരിക്കുന്നതെങ്കില്‍ അവര്‍ക്കെതിരെ കളിക്കാതെ ഇരിക്കാമായിരുന്നു. പക്ഷേ അവരുമായി കളിക്കാന്‍ തീരുമാനിച്ചാല്‍ കളിയുടെ സ്പിരിറ്റില്‍ കളിക്കണം. താരങ്ങള്‍ക്ക് ഹസ്തദാനം നല്‍കണമായിരുന്നു. 1999ല്‍ കാര്‍ഗില്‍ യുദ്ധം നടക്കുമ്പോള്‍ പോലും നമ്മള്‍ അങ്ങനെ ചെയ്തിട്ടുണ്ട്. രാജ്യത്തിനായി സൈനികര്‍ മരിക്കുന്ന സമയം ഇംഗ്ലണ്ടില്‍ ഇന്ത്യ പാകിസ്ഥാനെതിരെ ലോകകപ്പില്‍ കളിക്കുകയായിരുന്നു. കളിയുടെ സ്പിരിറ്റ് മൊത്തത്തില്‍ മറ്റൊന്നായതിനാല്‍ തന്നെ ഹസ്തദാനം നല്‍കണമായിരുന്നു. തരൂര്‍ കുറിച്ചു. പാകിസ്ഥാനെതിരായ വികാരം മനസിലാക്കാവുന്നതാണെങ്കിലും കളിയെ രാഷ്ട്രീയത്തില്‍ നിന്നും വേറിട്ട് നിര്‍ത്തണമെന്നാണ് തരൂര്‍ വ്യക്തമാക്കിയത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍