ഈ പിള്ളേരെ തകർക്കരുത്, ഇതിന് മുൻപുണ്ടായിരുന്നവർ എന്താണ് ചെയ്തത്?, തോൽവിയിൽ പാക് യുവനിരയെ പിന്തുണച്ച് മുഹമ്മദ് ആമിർ
ദുബായില്‍ ഇന്ത്യക്കെതിരെ നടന്ന ഏഷ്യാകപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പരാജയപ്പെട്ടെങ്കിലും പാകിസ്ഥാന്‍ ടീമിനെ പിന്തുണച്ച് മുന്‍ പാക് പേസറായ മുഹമ്മദ് ആമിര്‍. മത്സരത്തിലെ പരാജയത്തിന് പിന്നാലെ യുവ താരങ്ങളെ പിന്തുണച്ച ടീം മാനേജ്‌മെന്റിനെതിരെ പല പാക് മുന്‍ താരങ്ങളും രംഗത്ത് വന്നതോടെയാണ് നിലവിലെ പാക് ടീമിനെ പിന്തുണച്ച് മുഹമ്മദ് ആമിര്‍ രംഗത്ത് വന്നത്. ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍ എന്നീ സീനിയര്‍ താരങ്ങളെ പാകിസ്ഥാന്‍ ഒഴിവാക്കിയത് ശരിയല്ലെന്ന പല പാക് മുന്‍ താരങ്ങളുടെയും പ്രസ്താവനകള്‍ക്കെതിരെയാണ് ആമിര്‍ പ്രതികരിച്ചത്.
ചിലരിപ്പോള്‍ തങ്ങളുടെ അജണ്ടകളുമായി രംഗത്ത് വന്നിരിക്കുകയാണ്. ഇവരെല്ലാം ഒരു തോല്‍വിക്കായി കാത്തിരിക്കുകയായിരുന്നു. കുട്ടികള്‍ ഒരു മത്സരം മോശമായി കളിച്ചെന്ന് പറഞ്ഞ് അവരെ കടിച്ചുകീറുകയാണ്. നിങ്ങള്‍ പറയുന്ന താരങ്ങള്‍ അഞ്ചാറ് വര്‍ഷം കളിച്ചു. ക്യാപ്റ്റന്‍സിയും ചെയ്തു. എല്ലാം ചെയ്തു. എന്നിട്ട് എന്ത് നേട്ടമാണ് അവരുണ്ടാക്കിയത്. അവരുടെ പേരില്‍ ചിലപ്പോള്‍ സ്റ്റാറ്റസ് ഉണ്ടാകാം. എന്നാല്‍ വമ്പന്‍ നേട്ടങ്ങളില്ല. പിന്നെ എന്തിനാണ് ഒരു മത്സരം മോശമായി കളിച്ചതില്‍ കുട്ടികളെ ആക്രമിക്കുന്നത്. യുവാക്കള്‍ക്ക് പിന്തുണയും ധൈര്യവും കൊടുക്കുകയാണ് വേണ്ടത്. അവര്‍ക്ക് വേണ്ട സമയം കൊടുക്കാന്‍ തയ്യാറാകണം. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ മുഹമ്മദ് ആമിര്‍ പറഞ്ഞു.