ഇന്ത്യക്കെതിരായ മത്സരങ്ങളില്‍ പാകിസ്ഥാന് വിജയിക്കണമെങ്കില്‍ പിസിബി ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്വിയും സൈനിക തലവന്‍ ജനറല്‍ അസിം മുനീറും ഒരുമിച്ച് പാഡ് ധരിച്ച് കളിക്കാനിറങ്ങേണ്ടി വരുമെന്ന് മുന്‍ പാക് നായകന്‍ ഇമ്രാന്‍ ഖാന്‍. ഏഷ്യാകപ്പിലെ 2 മത്സരങ്ങളിലും ഇന്ത്യയോട് പരാജയപ്പെട്ട സാഹചര്യത്തിലാണ് ഇമ്രാന്‍ ഖാന്റെ പ്രതികരണം.നിലവില്‍ ജയിലിനുള്ളിലുള്ള മുന്‍ പാക് പ്രധാനമന്ത്രി കൂടിയായ ഇമ്രാന്‍ ഖാന്റെ പ്രതികരണം സഹോദരി അലീമ ഖാനാണ് മാധ്യമങ്ങള്‍ക്ക് കൈമാറിയത്.
പാകിസ്ഥാന് മുന്നില്‍ ഒരു വഴിയെ ഉള്ളു. ഇന്ത്യക്കെതിരെ ജനറല്‍ അസിം മുനീറും മൊഹ്‌സിന്‍ നഖ്വിയും ഒന്നിച്ച് ഓപ്പണ്‍ ചെയ്യണം. പാകിസ്ഥാന്‍ മുന്‍ ചീഫ് ജസ്റ്റിസ് ക്വാസി ഫേസ് ഇസ, തിരെഞ്ഞെടുപ്പ് കമ്മീഷണര്‍ സിക്കന്ദര്‍ സുല്‍ത്താന്‍ രാജ എന്നിവര്‍ അമ്പയര്‍മാരാകട്ടെ. ഇസ്ലാമാബാദ് ചീഫ് ജസ്റ്റിസ് സര്‍ഫറാസ് ദോഗറിനെ തേര്‍ഡ് അമ്പയറുമാക്കാം.
പാകിസ്ഥാന്‍ ക്രിക്കറ്റിന്റെ തകര്‍ച്ചയ്ക്ക് കാരണം മൊഹ്‌സിന്‍ നഖ്വിയുടെ കഴിവില്ലായ്മയാണെന്നും നെപ്പോട്ടിസത്തിന്റെ ഭാഗമായാണ് മൊഹ്‌സിന്‍ നഖ്വി ക്രിക്കറ്റ് തലപ്പത്തേക്ക് എത്തിയതെന്നും ഇമ്രാന്‍ ഖാന്‍ ആരോപിച്ചു. പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടിയുടെ സ്ഥാപകനായ ഇമ്രാന്‍ ഖാന്‍ വിവിധ കേസുകളില്‍ പ്രതിയായി 2023 ഓഗസ്റ്റ് മുതല്‍ ജയിലിലാണ്.