ഏഷ്യാകപ്പില്‍ പാകിസ്ഥാനെതിരായ പോരാട്ടത്തില്‍ ഇന്ത്യ അനായാസം വിജയിച്ചെങ്കിലും മത്സരത്തിലെ മലയാളി താരമായ സഞ്ജു സാംസണിന്റെ പ്രകടനം ആശങ്കകള്‍ക്ക് വഴിവെച്ചിരുന്നു. ഒമാനെതിരായ മത്സരത്തില്‍ കളിയിലെ താരമായെങ്കിലും പാകിസ്ഥാനെതിരെ ടൈമിങ് പുലര്‍ത്താനും ടീമിന്റെ സ്‌കോറിങ് ഉയര്‍ത്താനും സഞ്ജുവിന് സാധിച്ചിരുന്നില്ല. അഞ്ചാമനായി ക്രീസിലെത്തിയ സഞ്ജു 17 പന്തില്‍ ആകെ 13 റണ്‍സ് മാത്രമാണ് നേടിയത്.
ഓപ്പണിങ്ങില്‍ നല്ല രീതിയില്‍ കളിച്ചിരുന്ന സഞ്ജു ഉപനായകനായ ശുഭ്മാന്‍ ഗില്‍ ടീമില്‍ തിരിച്ചെത്തിയതോടെയാണ് മധ്യനിരയിലേക്ക് മാറിയത്. മധ്യനിരയില്‍ കളിക്കുന്ന സഞ്ജുവിന് തന്റെ സ്വതസിദ്ധമായ പ്രകടനം കണ്ടെടുക്കാന്‍ ഇതുവരെയും സാധിച്ചിട്ടില്ല. സഞ്ജു അഞ്ചാമനായി തന്നെ കളിക്കുകയാണെങ്കില്‍ ആ റോളില്‍ കഴിവ് തെളിയിക്കുക തന്നെ വേണമെന്നാണ് മുന്‍ ഇന്ത്യന്‍ താരമായ മുരളി കാര്‍ത്തിക് വ്യക്തമാക്കുന്നത്.
സഞ്ജു ഇനിയും മുന്നോട്ട് കളിക്കാനുദ്ദേശിക്കുന്നുവെങ്കില്‍ അഞ്ചാമന്റെ റോളില്‍ മികവ് തെളിയിക്കാന്‍ സഞ്ജുവിനാകണം. സഞ്ജുവിനെ മൂന്നാം സ്ഥാനത്തിറക്കാന്‍ മറ്റുള്ളവരുടെ സ്ഥാനം മാറ്റുമോ അതോ ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ സഞ്ജു തന്റെ ഗെയിം പുനക്രമീകരിക്കുമോ?, സഞ്ജു വളരെ ക്ലാസിക്കായ കളിക്കാരനായതിനാല്‍ ആരെങ്കിലും അദ്ദേഹത്തെ സഹായിക്കാന്‍ മുന്നോട്ട് വരണമെന്നും മുരളീ കാര്‍ത്തിക് ആവശ്യപ്പെട്ടു.