ടോക്യോയില്‍ നടന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ നീരജ് ചോപ്രയെ മറികടന്ന ഇന്ത്യയുടെ യുവതാരമായ സച്ചിന്‍ യാദവിനെ പുകഴ്ത്തി നീരജിന്റെ മുന്‍ കോച്ചും ഇതിഹാസ ജാവലിന്‍ ത്രോ താരവുമായ ഉവൈ ഹോണ്‍. പുരുഷന്മാരുടെ ജാവലിന്‍ ത്രോ ഫൈനലില്‍ നീരജ് ചോപ്ര എട്ടാമതായി ഫിനിഷ് ചെയ്തപ്പോള്‍ 86.27 മീറ്റര്‍ ദൂരം എറിഞ്ഞ 25കാരനായ സച്ചിന്‍ യാദവ് നാലാം സ്ഥാനത്തെത്തിയിരുന്നു. ഫൈനലിന്റെ ആദ്യഘട്ടത്തില്‍ തന്നെ സച്ചിന്‍ തന്റെ പ്രകടനം കൊണ്ട് ഞെട്ടിച്ചിരുന്നു. മെഡല്‍ നേടാനായില്ലെങ്കിലും സച്ചിന്‍ 90 മീറ്ററിലധികം എറിയാന്‍ കഴിവുള്ള താരമാണെന്നാണ് ഉവെ ഹോണ്‍ വ്യക്തമാക്കിയത്.
നിലവിലെ ഒളിമ്പിക്‌സ് ചാമ്പ്യനായ പാകിസ്ഥാന്റെ അര്‍ഷദ് നദീമുമായാണ് താരത്തെ കായികരംഗത്തെ വിദഗ്ധര്‍ താരതമ്യം ചെയ്യുന്നത്. ശരിയായ പരിശീലനം ലഭിച്ചാല്‍ സച്ചിന് 95 മീറ്റര്‍ ദൂരം പിന്നിടാനാകുമെന്നാണ് നീരജിന്റെ മുന്‍ പരിശീലകന്‍ വ്യക്തമാക്കുന്നത്. തീര്‍ച്ചയായും 90 മീറ്ററിന് മുകളില്‍ എറിയാന്‍ കഴിവുള്ള താരമാണ് സച്ചിന്‍. അവന്റെ ബോഡി പൊസിഷന്‍, റിതം, ഓട്ടത്തിന്റെ സ്വഭാവം, ശരീരം ഉപയോഗിക്കുന്ന രീതി എന്നിവയെല്ലാം മെച്ചപ്പെടുത്തിയാന്‍ അവന് 95 മീറ്റര്‍ ദൂരം എറിയാനാകും. സച്ചിന്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ് നടത്തിയത്. എന്നാല്‍ ടെക്‌നിക്കലി അവന്‍ ഇപ്പോഴും പ്രാരംഭഘട്ടത്തിലാണ്. ഈ കുഴപ്പങ്ങളാണ് അവനെ മെഡലില്‍ നിന്നും അകറ്റിയത് ഹോണ്‍ പറഞ്ഞു. അതേസമയം നീരജിനെ മറികടക്കാന്‍ കഴിഞ്ഞതോടെ നീരജിന് ശേഷം ഇന്ത്യയുടെ ഗ്ലോബല്‍ സ്റ്റാറാകാന്‍ സച്ചിനാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.