കായികക്ഷമതയില്ലെങ്കിൽ ടീമിലെടുക്കുന്നത് എന്തിനാണ്, ബുമ്രയ്ക്ക് വിശ്രമം അനുവദിക്കുന്നതിനെതിരെ മുൻ നായകൻ

അഭിറാം മനോഹർ

വ്യാഴം, 17 ജൂലൈ 2025 (20:19 IST)
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്രയെ മൂന്ന് ടെസ്റ്റുകളില്‍ മാത്രം കളിപ്പിക്കാനുള്ള ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തിനെതിരെ തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ നായകനായ ദിലീപ് വെങ്‌സര്‍ക്കാര്‍. ഏതൊക്കെ ടെസ്റ്റില്‍ കളിക്കണമെന്ന് ഒരു കളിക്കാരന്‍ തീരുമാനിക്കുന്നത് ശരിയല്ലെന്നും കായികക്ഷമതയില്ലെങ്കില്‍ മാറി നില്‍ക്കുകയാണ് വേണ്ടതെന്നും വെങ്‌സര്‍ക്കാര്‍ പറഞ്ഞു.
 
ഇന്ത്യയ്ക്കായി കളിക്കുക എന്നതാണ് പ്രധാനം. ആദ്യ ടെസ്റ്റ് മത്സരം കഴിഞ്ഞ് 7-8 ദിവസം കഴിഞ്ഞാണ് രണ്ടാം ടെസ്റ്റ് നടന്നത്. അതില്‍ ബുമ്രയെ കളിപ്പിച്ചില്ല. ഇത് അംഗീകരിക്കാനാവില്ല. അഗാര്‍ക്കര്‍ക്കും ഗംഭീറിനും ഇതെല്ലാം അംഗീകരിക്കാനാകുമായിരിക്കും. കളിക്കാര്‍ക്ക് കളിക്കാനുള്ള കായികക്ഷമതയില്ലെങ്കില്‍ അവരെ പരമ്പരയ്ക്ക് ടീമിലെടുക്കരുത്. ഒരു കളിക്കാരന്റെ ഇഷ്ടത്തിനനുസരിച്ച് അയാളല്ല ഏതെല്ലാം കളികള്‍ കളിക്കണമെന്ന് തീരുമാനിക്കേണ്ടതെന്നും വെങ്‌സര്‍ക്കാര്‍ റേവ് സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ബുമ്ര ലോകോത്തര ബൗളറാണെന്നും വിദേശ പരമ്പരക്കുള്ള ടീമിലുള്‍പ്പെട്ടാല്‍ എല്ലാ മത്സരങ്ങളും കളിക്കാന്‍ ബുമ്ര തയ്യാറാകണമെന്നും വെങ്‌സര്‍ക്കാര്‍ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍