കോലിയ്ക്കെന്താ ഇത്ര പ്രത്യേകത, സൂപ്പർ താരത്തിന് മാത്രമായി ലണ്ടനിൽ ഫിറ്റ്നസ് ടെസ്റ്റ്, ബിസിസിഐ നടപടി വിവാദത്തിൽ
ഏഷ്യാകപ്പ്, ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര എന്നിവയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ താരങ്ങളുടെ ഫിറ്റ്‌നസ് ടെസ്റ്റുകള്‍ ബെംഗളുരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ കഴിഞ്ഞ ദിവസമാണ് സംഘടിപ്പിച്ചത്. രോഹിത് ശര്‍മയുള്‍പ്പെടുന്ന എല്ലാ ഇന്ത്യന്‍ താരങ്ങളുടെയും ഫിറ്റ്‌നസ് ടെസ്റ്റ് ഇന്ത്യയില്‍ പൂര്‍ത്തിയായപ്പോള്‍ വിരാട് കോലി മാത്രം ഫിറ്റ്‌നസ് റ്റെസ്റ്റില്‍ പങ്കെടുത്തത് ലണ്ടനിലായിരുന്നു. ഇതാണ് ഇപ്പോള്‍ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരിക്കുന്നത്.
നിലവില്‍ കുടുംബത്തിനൊപ്പം യുകെയില്‍ സ്ഥിരതാമസമാണ് കോലി. ലണ്ടനില്‍ വെച്ച് ഫിറ്റ്‌നസ് ടെസ്റ്റ് നടത്താനായി ബിസിസിഐയില്‍ പ്രത്യേക അനുമതി കോലി തേടിയിരുന്നു. ഫിറ്റ്‌നസ് ടെസ്റ്റില്‍ കോലി പാസായെങ്കിലും മറ്റുള്ള കളിക്കാരെല്ലാം ഫിറ്റ്‌നസ് ടെസ്റ്റിനായി ഇന്ത്യയിലെത്തിയപ്പോള്‍ കോലിയ്ക്ക് മാത്രമായി ഇളവ് അനുവദിച്ചതാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. കോലിയല്ലാതെ മറ്റൊരു താരവും ഫിറ്റ്‌നസ് പരിശോധനയ്ക്ക് ഇളവ് ആവശ്യപ്പെട്ടിട്ടില്ല. കോലിയല്ലാതെ മറ്റേതെങ്കിലും താരമായിരുന്നുവെങ്കില്‍ ബിസിസിഐ ഈ ഇളവ് അനുവദിക്കുമായിരുന്നോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
സമീപകാലത്ത് കളിക്കാര്‍ക്ക് സ്ഥിരമായി പരിക്കേല്‍ക്കുന്ന സാഹചര്യത്തിലാണ് ടൂര്‍ണമെന്റുകള്‍ക്കും വലിയ പരമ്പരകള്‍ക്കും മുന്‍പായി താരങ്ങള്‍ ഫിറ്റ്‌നസ് ടെസ്റ്റ് പാസാകണമെന്ന നിബന്ധന ബിസിസിഐ മുന്നോട്ട് വെച്ചത്.ആദ്യഘട്ട ഫിറ്റ്‌നസ് പരിശോധനയില്‍ ഭൂരിഭാഗം ഇന്ത്യന്‍ താരങ്ങളും പങ്കെടുത്തപ്പോഴാണ് ഇന്ത്യയിലെത്താതെ ലണ്ടനില്‍ തന്നെ കോലിയ്ക്ക് പ്രത്യേക സൗകര്യം ബിസിസിഐ ഒരുക്കിയത്.