കളിക്കാർക്ക് ബിസിസിഐ ബ്രോങ്കോ ടെസ്റ്റ് കൊണ്ടുവന്നത് രോഹിത്തിനെ വിരമിപ്പിക്കാൻ: മനോജ് തിവാരി

അഭിറാം മനോഹർ

ചൊവ്വ, 26 ഓഗസ്റ്റ് 2025 (15:58 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം വരാനിരിക്കുന്ന പരമ്പരകളില്‍ ബ്രോങ്കോ ടെസ്റ്റ് ഏര്‍പ്പെടുത്തിയ ബിസിസിഐ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി മുന്‍ താരം മനോജ് തിവാരി.ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ പ്രത്യേകിച്ച് പേസര്‍മാര്‍ ശാരീരികക്ഷമത നിലനിര്‍ത്താന്‍ ബുദ്ധിമുട്ടിയ സാഹചര്യത്തിലാണ് വരാനിരിക്കുന്ന പരമ്പരകളില്‍ യോ യോ ടെസ്റ്റിന് പകരമായി ബ്രോങ്കോ ടെസ്റ്റ് നിര്‍ബന്ധമാക്കിയത്.
 
 സാധാരണഗതിയില്‍ വലിയ രീതിയില്‍ ശാരീരികക്ഷമത ആവശ്യപ്പെടുന്ന റഗ്ബി പോലുള്ള കായിക ഇനങ്ങളില്‍ കളിക്കാരുടെ ശാരീരികക്ഷമത അളക്കാനായാണ് ബ്രോങ്കോ ടെസ്റ്റ് നടത്തുന്നത്. ജൂണില്‍ പുതുതായി നിയമിതനായ സ്‌ട്രെങ്ത് ആന്‍ഡ് കണ്ടീഷനിങ് കോച്ച് അഡ്രിയാന്‍ ലെ റൗക്‌സിന്റെ നിര്‍ദേശപ്രകാരമാണ് പുതിയ ശാരീരിക ക്ഷമത ടെസ്റ്റ് ഏര്‍പ്പെടുത്തുന്നത്. എന്നാല്‍ ഈ തീരുമാനത്തിന് പിന്നില്‍ ഇന്ത്യന്‍ സീനിയര്‍ താരമായ രോഹിത് ശര്‍മയെ 2027ലെ ഏകദിന ലോകകപ്പ് ടീമില്‍ നിന്നും മാറ്റിനിര്‍ത്തുക എന്നതാണെന്ന് മനോജ് തിവാരി പറയുന്നു.
 
 ബ്രോങ്കോ ടെസ്റ്റ് ഉപയോഗിച്ച് വിരാട് കോലിയെ മാറ്റിനിര്‍ത്തുക എന്നത് എളുപ്പമാവില്ല. എന്നാല്‍ രോഹിത്തിന്റെ കാര്യത്തില്‍ അങ്ങനെയല്ല. അതുകൊണ്ട് തന്നെ രോഹിത്തിനെ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിസിസിഐ കടുപ്പമേറിയ ശാരീരിക ക്ഷമത ടെസ്റ്റുകള്‍ കളിക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ഗംഭീര്‍ ഇന്ത്യന്‍ പരിശീലകനായത്.അന്ന് തന്നെ കളിക്കാര്‍ക്ക് കടുപ്പമേറിയ ഫിറ്റ്‌നസ് മാനദണ്ഡങ്ങള്‍ ഗംഭീറിന് നിര്‍ദേശിക്കാമായിരുന്നു. ഇപ്പോള്‍ ഇത് കൊണ്ടുവന്നത് രോഹിത്തിനെ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ്. മനോജ് തിവാരി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍