Rohit -Kohli: സോറി രോഹിത്, സോറി കോലി... ലോകകപ്പ് പ്ലാനിൽ നിങ്ങളില്ല, ഓസ്ട്രേലിയൻ പരമ്പര അവസാനത്തേതായേക്കും

അഭിറാം മനോഹർ

ഞായര്‍, 10 ഓഗസ്റ്റ് 2025 (13:11 IST)
ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പര അവസാനിച്ചതോടെ ഏഷ്യാകപ്പിനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ സംഘം. കഴിഞ്ഞ കുറച്ച് മാസങ്ങളായി ടി20 ടീമില്‍ ഉണ്ടാവാതിരുന്ന ശുഭ്മാന്‍ ഗില്‍ അടക്കമുള്ള താരങ്ങള്‍ തിരിച്ചെത്തുമ്പോള്‍ ആരെയെല്ലാം ഒഴിവാക്കുമെന്ന ചര്‍ച്ചയിലാണ് സെലക്ടര്‍മാര്‍. അവസരം കാത്ത് ശ്രേയസ് അയ്യര്‍, സായ് സുദര്‍ശന്‍,ജിതേഷ് ശര്‍മ തുടങ്ങിയ താരങ്ങളും പുറത്ത് നില്‍ക്കുമ്പോള്‍ ഏഷ്യാകപ്പ് ടീമിനെ തിരെഞ്ഞെടുക്കുക എന്നത് സെലക്ടര്‍മാര്‍ക്ക് പ്രയാസകരമാണ്.
 
 എന്നാല്‍ ഈ തലവേദനകള്‍ക്കിടയില്‍ 2027ലെ ഏകദിന ലോകകപ്പിനുള്ള പ്ലാനില്‍ നിന്നും സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോലി എന്നിവരെ ബിസിസിഐ ഒഴിവാക്കിയെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.ഒരു ദേശീയ മാധ്യമം പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം വരുന്ന ഏകദിന ലോകകപ്പില്‍ കളിക്കണമെങ്കില്‍ കോലിയോടും രോഹിത്തിനോടും ആഭ്യന്തര ടൂര്‍ണമെന്റായ വിജയ് ഹസാരെ ട്രോഫി കളിക്കാന്‍ ബിസിസിഐ ആവശ്യപ്പെടുമെന്നാണ് പറയുന്നത്.
 
 അതിന് സൂപ്പര്‍ താരങ്ങള്‍ തയ്യാറായില്ലെങ്കില്‍ ഒക്ടോബറില്‍ ഓസ്‌ട്രേലിയക്കെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയിലൂടെ ഇരുതാരങ്ങളും അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിച്ചേക്കും. ആഭ്യന്തര ക്രിക്കറ്റില്‍ തിരിച്ചുവരുവാന്‍ സാധ്യതയില്ലാത്തതിനാല്‍ ഓസ്‌ട്രേലിയന്‍ പരമ്പര 2 താരങ്ങളുടെയും അവസാന്‍ പരമ്പരയാകുമെന്നാണ് ക്രിക്കറ്റ് നിരീക്ഷകരും കരുതുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍