ആശങ്ക വേണ്ട, ശ്രേയസ് സുഖം പ്രാപിക്കുന്നു, ഐസിയു വിട്ടു, ഓസ്ട്രേലിയയിൽ തുടരും

അഭിറാം മനോഹർ

ചൊവ്വ, 28 ഒക്‌ടോബര്‍ 2025 (14:10 IST)
സിഡ്‌നിയില്‍ ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിനിടെ പരിക്കേറ്റ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രേയസ് അയ്യര്‍ സുഖം പ്രാപിക്കുന്നു. മത്സരത്തില്‍ ക്യാച്ചെടുക്കുന്നതിനിടെ പരിക്കേറ്റ ശ്രേയസിന്റെ പ്ലീഹയ്ക്ക്(spleen)മുറിവേല്‍ക്കുകയും ഇത് ആന്തരികമായ രക്തസ്രാവത്തിന് ഇടയാക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് താരത്തെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. താരം സുഖം പ്രാപിക്കുന്നുവെന്നും ഐസിയുവില്‍ നിന്നും താരം പുറത്തുവന്നെന്നുമുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ വരുന്നത്.
 
മൈതാനത്ത് പരിക്കേറ്റ സാഹചര്യത്തില്‍ ബിസിസിഐ മെഡിക്കല്‍ ടീം നടത്തിയ അതിവേഗവും കൃത്യവുമായ ഇടപെടലാണ് ശ്രേയസിന്റെ ജീവന്‍ രക്ഷിക്കുവാന്‍ സഹായിച്ചത്. മത്സരത്തില്‍ പ്രയാസമേറിയ ക്യാച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെ താരം അസ്വാഭാവികമായി നിലത്ത് വീഴുകയും ഇടതുവശത്തെ വാരിയെല്ലിന് ഗുരുതരമായ ആഘാതം സംഭവിക്കുകയുമായിരുന്നു. ഡ്രസ്സിംഗ് റൂമിലെത്തി താരത്തിന്റെ നില വഷളായതിന് പിന്നാലെ സിഡ്‌നിയില്‍ സമഗ്രമായ സ്‌കാനിംഗ് നടത്തി. ഇതോടെയാണ് പ്ലീഹയ്ക്ക് കാര്യമായ മുറിവ് പറ്റിയതായി കണ്ടെത്തുകയും ഐസിയുവിലേക്ക് മാറ്റുകയും ചെയ്തു.
 
കൃത്യമായ ഇടപെടലും വേഗത്തിലുള്ള ചികിത്സയുമാണ് താരത്തിന്റെ ജീവന്‍ രക്ഷിച്ചതെന്ന് ഐസിസി മെഡിക്കല്‍ കമ്മിറ്റി മേധാവി ദിന്‍ഷാ പര്‍ദ്ദിവാല പറഞ്ഞു. നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ നിന്നും പുറത്തുവന്നെങ്കിലും ശ്രേയസ് ഒരാഴ്ച കൂടി സിഡ്‌നിയില്‍ ചികിത്സയില്‍ തുടരും. മൂന്നാഴ്ചത്തെയെങ്കിലും വിശ്രമത്തിന് ശേഷമാകും താരം വീണ്ടും കളിക്കളത്തില്‍ തിരിച്ചെത്തുക.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍