ഇന്ത്യയുടെ ദേശീയ കുപ്പായത്തില്‍ കളിക്കാന്‍ തുടങ്ങിയതോടെ എന്നും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന താരമാണ് ഹര്‍ഷിത് റാണ. മികച്ച പ്രകടനങ്ങള്‍ ദേശീയ ടീമിനായി നടത്താതെയും ഇന്ത്യയുടെ 3 ഫോര്‍മാറ്റുകളിലും കളിക്കുന്ന താരമായി ഹര്‍ഷിത് എങ്ങനെ മാറിയെന്ന ചര്‍ച്ചകളാണ് ഇതില്‍ അധികവും. എന്നാല്‍ ഓസ്‌ട്രേലിയക്കെതിരെ നടന്ന ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ 4 വിക്കറ്റുകള്‍ വീഴ്ത്തി ഓസ്‌ട്രേലിയയെ തകര്‍ക്കുന്നതില്‍ പ്രധാനപങ്കാണ് ഹര്‍ഷിത് വഹിച്ചത്. ഇപ്പോഴിതാ ഈ മത്സരത്തിന് മുന്‍പായി ഹര്‍ഷിതിന് ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍ അന്ത്യ ശാസനം നല്‍കിയിരുന്നെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.
ഹര്‍ഷിതിന്റെ മുന്‍ പരിശീലകനായിരുന്ന ശ്രാവണ്‍ കുമാറാണ് ഹര്‍ഷിതിന് ഗംഭീര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായി വെളിപ്പെടുത്തിയത്. ഹര്‍ഷിതും ഗംഭീറും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണത്തിന്റെ വിവരങ്ങളാണ് ശ്രാവണ്‍ പങ്കുവെച്ചത്. പെര്‍ഫോം ചെയ്യു, അല്ലെങ്കില്‍ നിന്നെ ടീമില്‍ നിന്നും പുറത്താക്കുമെന്നായിരുന്നു ഗംഭീര്‍ മുന്നറിയിപ്പ് നല്‍കിയതെന്ന് ശ്രാവണ്‍ പറയുന്നു.
ഹര്‍ഷിത് എന്നെ വിളിച്ചിരുന്നു. വിമര്‍ശകരുടെ വായടപ്പിക്കുന്ന പ്രകടനം നടത്താന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് പറഞ്ഞു. കഴിവുള്ള കളിക്കാരെ തിരിച്ചറിയാന്‍ ഗംഭീറിന് കഴിവുണ്ട്. അദ്ദേഹം അങ്ങനെയുള്ളവരെ പിന്തുണയ്ക്കും. അവര്‍ പിന്നീട് അത്ഭുതങ്ങള്‍ ചെയ്തിട്ടുണ്ട്. ഗംഭീര്‍ ഹര്‍ഷിതിനെ ശകാരിച്ചു. മികച്ച പ്രകടനം നടത്തിയില്ലെങ്കില്‍ പുറത്താക്കുമെന്ന് നേരിട്ട് പറഞ്ഞു. ആരോടായാലും അദ്ദേഹം അത് പറയും. ശ്രാവണ്‍ കുമാര്‍ പറഞ്ഞു.