ബംഗ്ലാദേശിനെതിരായ വനിതാ ലോകകപ്പ് മത്സരത്തിനിടെ പരിക്കേറ്റ ഇന്ത്യന്‍ ഓപ്പണര്‍ പ്രതിക റാവലിന് ഓസ്‌ട്രേലിയക്കെതിരായ സെമിഫൈനല്‍ മത്സരം നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്നലെ ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തില്‍ പ്രതികയുടെ കണങ്കാലില്‍ പരിക്കേറ്റിരുന്നു. ഫീല്‍ഡ് ചെയ്യുന്നതിനിടെ പ്രതികയുടെ കാല്‍പാദം മടങ്ങുകയായിരുന്നു. പിന്നീട് ഫിസിയോയുടെ സഹായത്തോടെയാണ് താരം ഗ്രൗണ്ടിന് പുറത്തേക്ക് പോയത്. വ്യാഴാഴ്ചയാണ് ഓസ്‌ട്രേലിയക്കെതിരായ സെമിഫൈനല്‍ പ്രവേശനം.
നിലവില്‍ പ്രതിക മെഡിക്കല്‍ ടീമിന്റെ പരിചരണത്തിലാണെന്നും പരിക്കിന്റെ വ്യാപ്തിയെ കുറിച്ച് പരിശോധിച്ചുവരികയാണെന്നുമാണ് ഇന്ത്യന്‍ ക്യാപ്റ്റനായ ഹര്‍മന്‍പ്രീത് കൗര്‍ ഇന്നലെ അറിയിച്ചത്. അതേസമയം പ്രതികയുടെ പരിക്കില്‍ ഇന്ത്യന്‍ ഇതിഹാസതാരമായ മിതാലി രാജ് ആശങ്ക പ്രകടിപ്പിച്ചു. ഓസീസിനെതിരെ പ്രതികയില്ലെങ്കില്‍ ഓപ്പണിംഗ് റോളില്‍ ഹര്‍ലീന്‍ ഡിയോളെയോ അതുമല്ലെങ്കില്‍ വിക്കറ്റ് കീപ്പര്‍ ഉമാ ചേത്രിയേയോ പരിഗണിക്കണമെന്നും മിതാലി കൂട്ടിച്ചേര്‍ത്തു.