India vs Australia 2nd ODI: രോഹിത്തും കോലിയും വന്നിട്ടും ഫലമില്ല, ഇന്ത്യയെ തകർത്ത് ഓസീസ്, നിർണായകമായത് യുവതാരങ്ങളുടെ പ്രകടനം

അഭിറാം മനോഹർ

വ്യാഴം, 23 ഒക്‌ടോബര്‍ 2025 (17:09 IST)
ഇന്ത്യക്കെതിരായ രണ്ടാം ഏകദിന മത്സരത്തിലും വിജയിച്ച് ഏകദിന പരമ്പര സ്വന്തമാക്കി ഓസ്‌ട്രേലിയ. 3 മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ 2 മത്സരങ്ങളിലും വിജയിച്ചതോടെയാണ് സീരീസ് ഓസീസ് സ്വന്തമാക്കിയത്. പാറ്റ് കമ്മിന്‍സ്, സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലബുഷെയ്ന്‍, ഗ്ലെന്‍ മാക്‌സ്വെല്‍,ജോഷ് ഇംഗ്ലീഷ് എന്നിങ്ങനെ പ്രമുഖതാരങ്ങളില്ലാതെ ഇറങ്ങിയ ഓസ്‌ട്രേലിയന്‍ നിരയാണ് ഇന്ത്യയെ അടിയറവ് പറയിച്ചത്.  22 പന്തുകൾ ശേഷിക്കെ 2 വിക്കറ്റിനാണ് ഓസ്ട്രേലിയയുടെ വിജയം.
 
 
 ശുഭ്മാന്‍ ഗില്‍ ഏകദിന നായകനായി അരങ്ങേറ്റം കുറിച്ച സീരീസ് സീനിയര്‍ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ എന്നിവരുടെ തിരിച്ചുവരവിന്റെ പേരിലും ശ്രദ്ധ നേടിയിരുന്നു. ആദ്യ ഏകദിനത്തില്‍ ഇരുവരും നിരാശപ്പെടുത്തിയെങ്കിലും രണ്ടാം ഏകദിനത്തില്‍ രോഹിത്തിന്റെ 73 റണ്‍സ് പ്രകടനത്തിന്റെ മികവിലാണ് ഇന്ത്യ പൊരുതാവുന്ന നിലയിലെത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കായി ശ്രേയസ് അയ്യര്‍ 61 റണ്‍സും അക്‌സര്‍ പട്ടേല്‍ 44 റണ്‍സുമായും തിളങ്ങി. ഇതോടെ നിശ്ചിത 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സാണ് ഇന്ത്യ സ്വന്തമാക്കിയത്.
 
 മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് തുടക്കത്തില്‍ തന്നെ 2 വിക്കറ്റുകള്‍ നഷ്ടമായെങ്കിലും യുവതാരങ്ങളെല്ലാം അവസരത്തിനൊത്തുയര്‍ന്നു. ട്രാവിസ് ഹെഡ്,മിച്ചല്‍ മാര്‍ഷ്, അലെക്‌സ് കാരി എന്നീ പരിചയസമ്പന്നര്‍ നേരത്തെ മടങ്ങിയപ്പോള്‍ മാറ്റ് ഷോര്‍ട്ടാണ് ടീമിന്റെ രക്ഷകനായി മാറിയത്. 78 പന്തില്‍ 74 റണ്‍സെടുത്ത മാറ്റ് ഷോര്‍ട്ടിന് 30 റണ്‍സുമായി മാറ്റ് റെന്‍ഷാ മികച്ച പിന്തുണയാണ് നല്‍കിയത്.
 
ടീം സ്‌കോര്‍ 109ല്‍ നില്‍ക്കെ മാത്യു റെന്‍ഷായും 132 ല്‍ നില്‍ക്കെ അലക്‌സ് ക്യാരിയും പുറത്തായെങ്കിലും പിന്നീട് ക്രീസിലെത്തിയ കൂപ്പര്‍ കൊണോലി മികച്ച പ്രകടനമാണ് ഓസീസിനായി നടത്തിയത്. മാറ്റ് ഷോര്‍ട്ട് പുറത്തായിട്ടും കൂപ്പര്‍ കൊണോലിയും മിച്ചല്‍ ഓവനും അവസാനം നടത്തിയ പോരാട്ടമാണ് ഓസീസിനെ വിജയത്തിലെത്തിച്ചത്. ഇന്ത്യക്കായി അര്‍ഷദീപ് സിംഗ്, ഹര്‍ഷിത് റാണ, വാഷിങ്ങ്ടണ്‍ സുന്ദര്‍ എന്നിവര്‍ 2 വിക്കറ്റ് വീതം വീഴ്ത്തി.കൂപ്പര്‍ കണോലി 61 റണ്‍സുമായി പുറത്താകാതെ നിന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍