Ishan Kishan: ഇഷാനെ തിരികെ വേണം, ആദ്യ പണികൾ ആരംഭിച്ച് മുംബൈ ഇന്ത്യൻസ്

അഭിറാം മനോഹർ

വ്യാഴം, 23 ഒക്‌ടോബര്‍ 2025 (16:10 IST)
ഐപിഎല്‍ മിനിതാരലേലത്തിന് മുന്‍പായി കഴിഞ്ഞ സീസണില്‍ കൈവിട്ട വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനെ ടീമില്‍ തിരിച്ചെത്തിക്കാന്‍ ഒരുങ്ങി മുംബൈ ഇന്ത്യന്‍സ്. ഓപ്പണിംഗ് താരമായ രോഹിത് ശര്‍മയ്ക്ക് അധികകാലം ഐപിഎല്ലില്‍ കളിക്കാനാവില്ല എന്ന കാര്യം കൂടി പരിഗണിച്ചാണ് കിഷനെ ടീമിലെത്തിക്കാന്‍ മുംബൈ ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയത്.
 
കഴിഞ്ഞ സീസണില്‍ ഇഷാന്‍ കിഷനെ 11.5 കോടി മുടക്കി ഹൈദരാബാദ് സണ്‍റൈസേഴ്‌സാണ് സ്വന്തമാക്കിയത്. എന്നാല്‍ സെഞ്ചുറിയടിച്ച് തുടങ്ങിയെങ്കിലും ഹൈദരാബാദിനായി 14 മത്സരങ്ങളില്‍ നിന്നും 354 റണ്‍സെടുക്കാനെ ഇഷാന്‍ കിഷനായുള്ളു. മുംബൈ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുമായി അടുത്ത സൗഹൃദമാണ് മുംബൈയ്ക്കുള്ളത്. ഇതും ഇഷാന്‍ തിരിച്ചെത്താനുള്ള സാധ്യത ഉയര്‍ത്തുന്നു.
 
 പരസ്പരധാരണപ്രകാരം ഇഷാനെ മുംബൈയിലെത്തിക്കാനായി ഹൈദരാബാദ് സണ്‍റൈസേഴ്‌സുമായി മുംബൈ അധികൃതര്‍ ചര്‍ച്ച നടത്തിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ഇഷാന്‍ കിഷനായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും രാജസ്ഥാന്‍ റോയല്‍സും രംഗത്തുണ്ട്. സഞ്ജു സാംസണ്‍ ടീം വിടുന്ന സാഹചര്യത്തിലാണ് ഒരു വിക്കറ്റ് കീപ്പര്‍ ബാറ്ററെ രാജസ്ഥാന്‍ നോട്ടമിടുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍