ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2026 സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് പരിശീലകനായി ശ്രീലങ്കന്‍ ഇതിഹാസതാരം കുമാര്‍ സംഗക്കാര തിരിച്ചെത്തുന്നു. 2022ല്‍ രാജസ്ഥാന്‍ റോയല്‍സിനെ ഫൈനലിലെത്തിച്ച പരിശീലകനെ രാഹുല്‍ ദ്രാവിഡിന് വേണ്ടിയാണ് രാജസ്ഥാന്‍ ചുമതലയില്‍ നിന്നും നീക്കിയത്. എന്നാല്‍ കഴിഞ്ഞ സീസണില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് രാജസ്ഥാന്‍ കാഴ്ചവെച്ചത്.
2024ല്‍ ഇന്ത്യയെ ടി20 ലോകകപ്പ് ജേതാക്കളാക്കിയതോടെയാണ് സംഗക്കാരയെ മാറ്റി രാഹുല്‍ ദ്രാവിഡിനെ രാജസ്ഥാന്‍ മുഖ്യ പരിശീലകനാക്കി നിയമിച്ചത്. 2025ല്‍ ടീമിന്റെ ചുമതലയേറ്റ ദ്രാവിഡ് രാജസ്ഥാന്‍ ടീമിന്റെ ഘടനയില്‍ തന്നെ പല മുഖ്യമാറ്റങ്ങളും വരുത്തിയിരുന്നു. ഐപിഎല്‍ മെഗാതാരലേലത്തിന് മുന്‍പായി ടീം ബാലന്‍സ് ആകെ നഷ്ടപ്പെടുത്തിയ ദ്രാവിഡ് ടീമിനെ അവസാനസ്ഥാനക്കാരില്‍ ഒരാളാക്കിയാണ് പരിശീലക സ്ഥാനം ഒഴിഞ്ഞത്. ഇതിന് പിന്നാലെ നായകന്‍ സഞ്ജു സാംസണും രാജസ്ഥാന്‍ വിടാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു.
പുതിയ സീസണില്‍ സഞ്ജു ടീം വിടുകയാണെങ്കില്‍ പുതിയ നായകനെ കണ്ടെത്തണം എന്നതടക്കം വലിയ കടമ്പകളാകും സംഗക്കാരയുടെ മുന്നിലുണ്ടാവുക. 2021 മുതല്‍ 2024 വരെയാണ് സംഗക്കാരയുടെ കീഴില്‍ രാജസ്ഥാന്‍ കളിച്ചത്. ഇതില്‍ 2 സീസണുകളില്‍ പ്ലേ ഓഫിലെത്താന്‍ രാജസ്ഥാന്‍ ടീമിനായിരുന്നു. സംഗക്കാരയ്‌ക്കൊപ്പം അസിസ്റ്റന്റ് കോച്ചായി വിക്രം റാത്തോറും ബൗളിംഗ് കോച്ച് ഷെയ്ന്‍ ബോണ്ടും ടീമില്‍ തുടര്‍ന്നേക്കും.