Chennai Super Kings: ധോനിയുടെ അവസാന സീസൺ, പല താരങ്ങളുടെയും സ്ഥാനം തെറിക്കും, അടിമുടി മാറാനൊരുങ്ങി സിഎസ്‌കെ

അഭിറാം മനോഹർ

ഞായര്‍, 10 ഓഗസ്റ്റ് 2025 (12:46 IST)
ഐപിഎല്‍ 2025ല്‍ പോയന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരയതിന്റെ നാണക്കേടിലാണെങ്കിലും സീസണ്‍ അവസാനിക്കുമ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ആശ്വസിക്കാനുള്ള ഒട്ടേറെ കാര്യങ്ങള്‍ കഴിഞ്ഞ സീസണ്‍ സമ്മാനിച്ചിരുന്നു. എല്ലാ കാലവും മുതിര്‍ന്ന താരങ്ങളുടെ പരിചയസമ്പത്തില്‍ വിശ്വസിച്ചാണ് ഐപിഎല്ലില്‍ ചെന്നൈ നേട്ടങ്ങള്‍ സ്വന്തമാക്കിയത്. എന്നാല്‍ കഴിഞ്ഞ സീസണില്‍ ടീമിലെത്തിച്ച രാഹുല്‍ ത്രിപാഠി,ദീപക് ഹൂഡ തുടങ്ങി പല താരങ്ങള്‍ക്കും ചെന്നൈയ്ക്കായി തിളങ്ങാനായിരുന്നില്ല. എന്നാല്‍ സീസണിലെ അവസാനമത്സരങ്ങളില്‍ ഉര്‍വില്‍ പട്ടേല്‍, ആയുഷ് മാത്രെ, ഡെവാള്‍ഡ് ബ്രെവിസ് എന്നിവര്‍ മികച്ച പ്രകടനങ്ങളാണ് പുറത്തെടുത്തത്.
 
ഇതോടെ അടുത്ത സീസണിന് മുന്നോടിയായി പല താരങ്ങളെയും ചെന്നൈ ഒഴിവാക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ആര്‍ അശ്വിന്‍, ഡെവോണ്‍ കോണ്‍വെ, രചിന്‍ രവീന്ദ്ര, രാഹുല്‍ ത്രിപാഠി എന്നിവര്‍ ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്. ഇതില്‍ പലരെയും വന്‍ തുക മുടക്കിയാണ് ചെന്നൈ ടീമിലെത്തിച്ചത്. ഇവരെ കൈവിടുന്നതോടെ വലിയ തുക ലാഭിക്കാന്‍ ടീമിനാകും. രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണെ ടീമിലെത്തിക്കാന്‍ വലിയ ശ്രമമാണ് ചെന്നൈ നടത്തുന്നത്. എന്നാല്‍ ഇതിനായി ശിവം ദുബെ, റുതുരാജ് ഗെയ്ക്ക്വാദ്, മതീഷ പതിരാന തുടങ്ങിയ താരങ്ങളെ വിട്ടുനല്‍കാന്‍ ചെന്നൈ തയ്യാറാവില്ല.
 
സഞ്ജുവിനായി ഉയര്‍ന്ന തുക മുടക്കേണ്ടിവരും എന്ന സാഹചര്യത്തിലാണ് കൂടുതല്‍ താരങ്ങളെ ഒഴിവാക്കാന്‍ ചെന്നൈ പദ്ധതിയിടുന്നത്. അതേസമയം പണമിടപാട് മാത്രമായുള്ള കരാറിലെത്തിയാല്‍ മാത്രമെ ചെന്നൈയ്ക്ക് ഇത് സാധ്യമാകും. അതേസമയം സഞ്ജുവിനെ വന്‍ തുകയ്ക്ക് വില്‍ക്കുകയാണെങ്കില്‍ അടുത്ത സീസണില്‍ ആ തുകയ്ക്ക് കൂടുതല്‍ താരങ്ങളെ ടീമിലെത്തിക്കാന്‍ രാജസ്ഥാന് സാധിക്കും.സഞ്ജു ടീമിലെത്തുന്നതോടെ മഹേന്ദ്ര സിംഗ് ധോനിയുടെ അവസാന സീസണ്‍ കൂടിയാകും അടുത്ത ഐപിഎല്‍ സീസണ്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍