രാജസ്ഥാന്‍ റോയല്‍സ് വിടുകയാണെന്ന് ഉറപ്പിച്ച മലയാളി താരം സഞ്ജു സാംസണിനായി രംഗത്തെത്തി ഡല്‍ഹി ക്യാപ്പിറ്റല്‍സ്. നേരത്തെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നിവരാണ് സഞ്ജുവിനായി മത്സരരംഗത്തുണ്ടായിരുന്നത്. മിനി താരലേലം നവംബറില്‍ നടക്കാനിരിക്കെയാണ് ഡല്‍ഹി സഞ്ജുവിനെ സ്വന്തമാക്കാനുള്ള നീക്കങ്ങളുമായി കളത്തിലിറങ്ങിയിരിക്കുന്നത്.
ഇതുവരെ ഐപിഎല്‍ കിരീടം സ്വന്തമാക്കാനാകാത്ത ഡല്‍ഹി സഞ്ജുവിലൂടെ മികച്ച നായകനെ സ്വന്തമാക്കാനാണ് ശ്രമിക്കുന്നത്. മിനി താരലേലത്തിന് മുന്‍പായി വെറ്ററന്‍ താരം ഫാഫ് ഡുപ്ലെസിയെ ഡല്‍ഹി കൈവിടും. ഇതോടെ കെ എല്‍ രാഹുല്‍- സഞ്ജു സാംസണ്‍ സഖ്യമാകും ഡല്‍ഹിയുടെ ഓപ്പണിങ്ങിലെത്തുക. നേരത്തെ 2016-18 സീസണുകളില്‍ സഞ്ജു ഡല്‍ഹിക്കായി കളിച്ചിട്ടുണ്ട്. 2018 സീസണില്‍ സഞ്ജുവിനായി താരലേലത്തില്‍ ഡല്‍ഹി ശ്രമിച്ചെങ്കിലും രാജസ്ഥാന്‍ വലിയ തുകയ്ക്ക് സഞ്ജുവിനെ സ്വന്തമാക്കുകയായിരുന്നു.
കഴിഞ്ഞ സീസണില്‍ അക്‌സര്‍ പട്ടേലായിരുന്നു ഡല്‍ഹിയെ നയിച്ചത്. സഞ്ജു എത്തുമ്പോള്‍ ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍ റോളുകളും ഡല്‍ഹിക്ക് സഞ്ജുവിന് നല്‍കാനാകും. മുന്‍ നിരയില്‍ ഓപ്പണിംഗ് റോളും സഞ്ജുവിന് സ്വന്തമാകും. യശ്വസി ജയ്‌സ്വാളിനൊപ്പം വൈഭവ് സൂര്യവന്‍ഷി കൂടി തിളങ്ങിയതോടെ രാജസ്ഥാനില്‍ സഞ്ജുവിന്റെ ഓപ്പണിംഗ് സ്ഥാനം നഷ്ടമായിരുന്നു. ഡല്‍ഹിയില്‍ എത്തുന്നതോടെ തന്റെ ഇഷ്ട പൊസിഷനില്‍ കളിക്കാന്‍ സഞ്ജുവിനാകും.