ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ പരാജയപ്പെട്ട് പരമ്പര അടിയറവെച്ചതോടെ ഇന്ത്യന്‍ ടീമിന്റെ തിരെഞ്ഞെടുപ്പിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരമായ പാര്‍ഥീവ് പട്ടേല്‍. പരമ്പരയിലെ അവസാന മത്സരത്തിലെങ്കിലും ഇന്ത്യ സ്‌പെഷ്യലിസ്റ്റ് സ്പിന്നറായ കുല്‍ദീപ് യാദവിന് ടീമില്‍ സ്ഥാനം നല്‍കണമെന്നാണ് പാര്‍ഥീവ് പട്ടേല്‍ പറയുന്നത്. ഇന്ത്യയ്ക്ക് ഇനിയും കൂടുതല്‍ ബാറ്റര്‍മാരെ ടീമില്‍ ഉള്‍പ്പെടുത്താനാകില്ലെന്നും പാര്‍ഥീവ് പട്ടേല്‍ ഓര്‍മിപ്പിച്ചു.
ജിയോസ്റ്റാറിലെ ക്രിക്കറ്റ് ലൈവ് എന്ന പരിപാടിയില്‍ സംസാരിക്കവെയാണ് പാര്‍ഥീവ് ഇന്ത്യന്‍ ടീം തിരെഞ്ഞെടുപ്പിനെ വിമര്‍ശിച്ചത്. കുല്‍ദീപിനെ മൂന്നാം ഏകദിനത്തില്‍ കാണാന്‍ കഴിയുമെന്നാണ് ഞാന്‍ കരുതുന്നത്. റണ്‍സ് നേടുന്ന കാര്യത്തില്‍ ഇന്ത്യ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരെ വിശ്വസിക്കുകയും ടീം ബാലന്‍സ് നിലനിര്‍ത്തുകയും വേണം. ബാറ്റിങ്ങില്‍ കൂടുതല്‍ മുന്‍ഗണന നല്‍കിയത് കൊണ്ട് കാര്യമില്ല. മധ്യ ഓവറുകളില്‍ വിക്കറ്റുകള്‍ വീഴ്ത്താന്‍ കുല്‍ദീപിനാകും. ഇന്ത്യയ്ക്കും അതാണ് ആവശ്യം. ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ പുറത്താകുന്നത് മത്സരത്തിന്റെ ഭാഗമാണ്. അതിന്റെ ക്ഷീണം മാറ്റാന്‍ കൂടുതല്‍ ബാറ്റര്‍മാരെ ഉള്‍പ്പെടുത്തികൊണ്ടിരിക്കാനാകില്ല. പാര്‍ഥീവ് പട്ടേല്‍ പറഞ്ഞു.