ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിനെ അവഗണിക്കുന്ന ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍. സമൂഹമാധ്യമങ്ങളിലാണ് കുല്‍ദീപിനെ മാറ്റിനിര്‍ത്തുന്ന നടപടിക്കെതിരെ ആരാധകര്‍ രംഗത്തെത്തിയത്. അവസാനമായി കളിച്ച വെസ്റ്റിന്‍ഡീസ് പരമ്പരയിലെ താരമായ കളിക്കാരന് തൊട്ടടുത്ത പരമ്പരയില്‍ അവസരമില്ലെന്ന അവസ്ഥ അത്ഭുതകരമാണെന്നാണ് ആരാധകര്‍ വ്യക്തമാക്കുന്നത്.
അടുത്തിടെയായി ഇന്ത്യയ്ക്കായി എല്ലാ ഫോര്‍മാറ്റിലും മികച്ച പ്രകടനമാണ് കുല്‍ദീപ് നടത്തുന്നത്. മധ്യ ഓവറുകളില്‍ വിക്കറ്റെടുക്കാന്‍ കഴിവുള്ള കുല്‍ദീപ് ഓസീസിലെ സ്പിന്‍ സൗഹൃദകരമായ പിച്ചുകളില്‍ ഇന്ത്യയ്ക്ക് മുതല്‍ക്കൂട്ടാകുമായിരുന്നുവെന്ന് ആരാധകര്‍ പറയുന്നു. ഓസ്‌ട്രേലിയ സ്‌പെഷ്യലിസ്റ്റ് സ്പിന്നറുമായി കളിക്കുമ്പോള്‍ ഇന്ത്യ സ്പിന്‍ ഓള്‍റൗണ്ടര്‍മാരെയാണ് ഇറക്കുന്നത്. ആദം സാമ്പ 4 വിക്കറ്റെടുക്കുമ്പോള്‍ ഇന്ത്യന്‍ ടീമില്‍ കുല്‍ദീപ് വെള്ളം കൊടുക്കാനായാണ് നില്‍ക്കുന്നത്. ഹര്‍ഷിത് റാണയ്‌ക്കോ നിതീഷ് കുമാര്‍ റെഡ്ഡിക്കോ പകരമായി കുല്‍ദീപിനെ ഇറക്കണം. സ്‌പെഷ്യലിസ്റ്റ് സ്പിന്നറെ ഒഴിവാക്കി ഓള്‍റൗണ്ടര്‍മാരില്‍ പ്രതീക്ഷ വെയ്ക്കുന്നത് ഗുണം ചെയ്യില്ലെന്നും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ പറയുന്നു.