വനിതാ ഏകദിന ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും തോല്‍വി വഴങ്ങിയതോടെ സെമി ഫൈനല്‍ കാണാതെ പുറത്താകലിന്റെ വക്കിലാണ് ഇന്ത്യന്‍ വനിതകള്‍. സ്വന്തം നാട്ടില്‍ ആദ്യ കിരീടവിജയമെന്ന സ്വപ്നവുമായി ഇറങ്ങിയ ഇന്ത്യ ആദ്യ 2 കളികളില്‍ വിജയിച്ചെങ്കിലും തുടര്‍ന്നുള്ള മത്സരങ്ങളില്‍ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക,ഇംഗ്ലണ്ട് ടീമുകള്‍ക്ക് മുന്നില്‍ പരാജയപ്പെടുകയായിരുന്നു. ഇന്ത്യയെ തോല്‍പ്പിച്ചതോടെ 9 പോയിന്റുകളുമായി ഇംഗ്ലണ്ട് സെമി ഉറപ്പിച്ചു. ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകള്‍ നേരത്തെ സെമി യോഗ്യത നേടിയിരുന്നു.
നിലവില്‍ 2 മത്സരങ്ങള്‍ ബാക്കിനില്‍ക്കെ മറ്റ് ടീമുകളുടെയും പ്രകടനം ഇന്ത്യയുടെ സെമി സാധ്യതകള്‍ക്ക് നിര്‍ണായകമാകും. അഞ്ച് മത്സരങ്ങള്‍ വീതം പൂര്‍ത്തിയാക്കിയ ഇന്ത്യ, ന്യൂസിലന്‍ഡ് ടീമുകള്‍ക്ക് 4 പോയന്റ് വീതമാണുള്ളത്. അതിനാല്‍ തന്നെ ഇന്ത്യ- ന്യൂസിലന്‍ഡ് പോരാട്ടമാകും ഇന്ത്യയുടെ സെമി സാധ്യതകള്‍ തീരുമാനിക്കുക. 23ന് നടക്കുന്ന ഈ മത്സരത്തില്‍ വിജയിച്ചാല്‍ 26ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ മത്സരം.
ഇന്ത്യയ്‌ക്കെതിരെയും ഇംഗ്ലണ്ടിനെതിരെയുമാണ് ന്യൂസിലന്‍ഡിന്റെ അടുത്ത മത്സരങ്ങള്‍. ന്യൂസിലന്‍ഡിനെതിരെ പരാജയപ്പെട്ടാലും ബംഗ്ലാദേശിനെ പരാജയപ്പെടുത്തുകയും ഇംഗ്ലണ്ട് ന്യൂസിലന്‍ഡിനെതിരെ വിജയിക്കുകയും ചെയ്താലും ഇന്ത്യയ്ക്ക് സെമി ഫൈനല്‍ സാധ്യതകള്‍ നിലനില്‍ക്കും. നിലവില്‍ റണ്‍ റേറ്റില്‍ ന്യൂസിലന്‍ഡിനേക്കാള്‍ മുന്നിലാണ് ഇന്ത്യ. ഇതാണ് ഇന്ത്യയ്ക്ക് ആശ്വാസം നല്‍കുന്ന ഏക ഘടകം.
അതേസമയം അവസാന 2 മത്സരങ്ങളില്‍ ഇന്ത്യയേയും ശ്രീലങ്കയേയും തോല്‍പ്പിക്കാനായാല്‍ ബംഗ്ലാദേശിനും സെമി സാധ്യതകള്‍ തുറക്കും. എന്നാല്‍ ഇതിന് ഇന്ത്യയും ന്യൂസിലന്‍ഡും ഒരു കളിയില്‍ മാത്രമെ വിജയിക്കാന്‍ പാടുള്ളു. മാത്രമല്ല റണ്‍റേറ്റിലെ വ്യത്യാസവും ബംഗ്ലാദേശിന് തിരിച്ചടിയാകും. ഇതോടെ ഒക്ടോബര്‍ 23ലെ മത്സരമാകും ഇന്ത്യയ്ക്കും ന്യൂസിലന്‍ഡിനും നിര്‍ണായകമാവുക.