നായകനായി ബാവുമ തിരിച്ചെത്തി, ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു

അഭിറാം മനോഹർ

തിങ്കള്‍, 27 ഒക്‌ടോബര്‍ 2025 (15:54 IST)
പരിക്ക് മൂലം വിശ്രമത്തിലായിരുന്ന നായകന്‍ ടെംബ ബാവുമയെ ഉള്‍പ്പെടുത്തി ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക. ഇടതുതുടയിലേറ്റ പരിക്കിനെ തുടര്‍ന്ന് ബാവുമയ്ക്ക് പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര നഷ്ടമായിരുന്നു. ബാവുമയുടെ അഭാവത്തില്‍ എയ്ഡന്‍ മാര്‍ക്രമായിരുന്നു പാകിസ്ഥാനെതിരെ ദക്ഷിണാഫ്രിക്കയെ നയിച്ചത്.
 
പാകിസ്ഥാനെതിരായ പരമ്പരയില്‍ കളിച്ച ഭൂരിഭാഗം താരങ്ങളും ഇന്ത്യക്കെതിരായ ടെസ്റ്റ് ടീമിലും ഇടം നേടി. ഐപിഎല്ലിലൂടെ ഇന്ത്യക്കാര്‍ക്ക് പ്രിയങ്കരനായ യുവതാരം ഡെവാല്‍ഡ് ബ്രെവിസ് ടെസ്റ്റ് ടീമില്‍ തന്റെ സ്ഥാനം നിലനിര്‍ത്തി. സെനുരാന്‍ മുത്തുസ്വാമി, സൈമണ്‍ ഹാര്‍മര്‍, കേശവ് മഹാരജ് എന്നിവരടങ്ങിയ ശക്തമായ സ്പിന്‍ നിര ഇന്ത്യന്‍ പിച്ചില്‍ നാശം വിതയ്ക്കാന്‍ കെല്‍പ്പുള്ളവരാണ്.
 
നവംബര്‍ 14 മുതലാണ് ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാവുക. 2 മത്സരങ്ങളാണ് പരമ്പരയില്‍ നടക്കുക. ആദ്യ മത്സരം നവംബര്‍ 14ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലും രണ്ടാം മത്സരം ഗുവാഹത്തിയിലും നടക്കും. മികച്ച സ്പിന്‍ നിരയുള്ള ടീമായതിനാല്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഏത് തരത്തിലുള്ള പിച്ചുകളാകും ഇന്ത്യ ഒരുക്കുക എന്നതിന്റെ ആകാംക്ഷയിലാണ് ഇന്ത്യന്‍ ആരാധകര്‍. ഇന്ത്യയിലെ സ്പിന്‍ പിച്ചുകളിലെ കെണികള്‍ കഴിഞ്ഞ ന്യൂസിലന്‍ഡ് പര്യടനത്തില്‍ ഇന്ത്യയെ തിരിച്ചടിച്ചിരുന്നു. അതിനാല്‍ തന്നെ പരമ്പരാഗത ശൈലി ഇന്ത്യ കൈവെടിയുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.
 
ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീം
 
 ടെംബ ബവുമ(ക്യാപ്റ്റന്‍), കോര്‍ബിന്‍ ബോഷ്, ഡെവാള്‍ഡ് ബ്രെവിസ്, ടോണി ഡി സോര്‍സി, മാര്‍ക്കോ ജാന്‍സെന്‍, സുബൈര്‍ ഹംസ, സൈമണ്‍ ഹാര്‍മര്‍, കേശവ് മഹാരാജ്, എയ്ഡന്‍ മാര്‍ക്രം, വിയാന്‍ മുള്‍ഡര്‍, സെനുരാന്‍ മുത്തുസ്വാമി, കഗിസോ റബാഡ, റിയാന്‍ റിക്കിള്‍ട്ടണ്‍, ട്രിസ്റ്റ്യണ്‍ സ്റ്റമ്പ്‌സ്, കെയ്ന്‍ വെരിയെന്നെ
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍