ഞങ്ങൾ ഉത്തരവാദിത്തം നിറവേറ്റിയില്ല, തോൽവിയിൽ തെറ്റ് സമ്മതിച്ച് ഹർമൻ പ്രീത് കൗർ

അഭിറാം മനോഹർ

വെള്ളി, 10 ഒക്‌ടോബര്‍ 2025 (13:52 IST)
ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന വനിതാ ലോകകപ്പ് മത്സരത്തിലെ പരാജയത്തില്‍ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ഇന്ത്യന്‍ വനിതാ ടീം ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗര്‍. ഇന്നലെ നടന്ന മത്സരത്തില്‍ 3 വിക്കറ്റുകള്‍ക്കാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഇന്ത്യന്‍ ടോപ് ഓര്‍ഡറിന്റെ പരാജയമാണ് തോല്‍വിക്ക് ഇടയാക്കിയതെന്ന് മത്സരശേഷം സംസാരിക്കവെ ഹര്‍മന്‍ പ്രീത് പറഞ്ഞു.
 
ഇതൊരു വലിയ ടൂര്‍ണമെന്റാണ്. ചില കാര്യങ്ങളില്‍ മാറ്റം വരുത്തേണ്ടതുണ്ട്. ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചു. എപ്പോഴും പോസിറ്റീവായി കളിയെ സമീപിക്കാനാണ് ശ്രമിക്കുന്നത്. കടുത്ത മത്സരം തന്നെയായിരുന്നു. 2 ടീമുകളും നല്ല രീതിയില്‍ കളിച്ചു. നമ്മുടെ ടോപ് ഓര്‍ഡര്‍ തകര്‍ന്നെങ്കിലും 250 റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ക്കാനായി. നദീന്‍ ഡി ക്ലെര്‍ക്ക്,ട്രയോണ്‍ എന്നിവര്‍ മനോഹരമായാണ് ബാറ്റ് ചെയ്തത്. ദക്ഷിണാഫ്രിക്ക വിജയം അര്‍ഹിക്കുന്നു. ഹര്‍മന്‍പ്രീത് പറഞ്ഞു.
 
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് 153 റണ്‍സില്‍ 7 വിക്കറ്റുകള്‍ നഷ്ടമായിരുന്നു. എട്ടാം വിക്കറ്റില്‍ റിച്ച ഘോഷും സ്‌നേഹ് റാണയും ചേര്‍ന്നുള്ള കൂട്ടുക്കെട്ടാണ് ടീമിനെ 251 എന്ന പൊരുതാവുന്ന ടോട്ടലിലെത്തിച്ചത്. റിച്ച ഘോഷ് 77 പന്തില്‍ 94 റണ്‍സും സ്‌നേഹ് റാണ 24 പന്തില്‍ 33 റന്‍സും നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയും സമാനമായ പ്രതിസന്ധി നേരിട്ടെങ്കിലും 54 പന്തില്‍ 84 റണ്‍സുമായി നദീന്‍ ഡി ക്ലെര്‍ക്കും 49 പന്തില്‍ 66 റണ്‍സുമായി ക്ലോയ് ട്രയോണും ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍