കൊല്‍ക്കത്തയില്‍ ഗംഭീറിന്റെ പിന്‍ഗാമിയായി അഭിഷേക് നായര്‍, അടുത്ത സീസണ്‍ മുതല്‍ മുഖ്യ പരിശീലകന്‍

അഭിറാം മനോഹർ

തിങ്കള്‍, 27 ഒക്‌ടോബര്‍ 2025 (17:33 IST)
ഐപിഎല്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പുതിയ പരിശീലകനായി മുന്‍ ഇന്ത്യന്‍ സഹ പരിശീലകനായിരുന്ന അഭിഷേക് നായരെ നിയമിച്ചതായി റിപ്പോര്‍ട്ട്. ഏറെ കാലമായി കെകെആറില്‍ അസിസ്റ്റന്റ് കോച്ചായും ടാലന്റ് സ്‌കൗട്ടായും അഭിഷേക് നായര്‍ പ്രവര്‍ത്തിച്ചുവരികയാണ്. റിങ്കു സിങ്, ഹര്‍ഷിത് റാണ എന്നിവരടങ്ങുന്ന താരങ്ങളെ കണ്ടെത്തുന്നതില്‍ നിര്‍ണായകമായ പങ്കാണ് അഭിഷേക് വഹിച്ചത്.
 
നേരത്തെ രോഹിത് ശര്‍മ, ദിനേഷ് കാര്‍ത്തിക് തുടങ്ങിയ താരങ്ങള്‍ ബാറ്റിങ്ങില്‍ പ്രതിസന്ധി നേരിട്ടപ്പോള്‍ സഹായത്തിനെത്തിയത് അഭിഷേകായിരുന്നു. ഇന്ത്യന്‍ ടീമിലെ പല ബാറ്റര്‍മാരുമായും മികച്ച ബന്ധമാണ് അഭിഷേകിനുള്ളത്. ചന്ദ്രകാന്ത് പണ്ഡിറ്റിന്റെ പകരക്കാരനായാണ് അഭിഷേക് കെകെആറിലെത്തുന്നത്.
 
ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ ടീമുകള്‍ക്കെതിരെ നടന്ന പരമ്പരകളില്‍ ടീം മോശം പ്രകടനം നടത്തിയതോടെയാണ് ഇന്ത്യന്‍ ടീം സഹ പരിശീലക സ്ഥാനം താരത്തിന് നഷ്ടമായത്. പിന്നാലെ വനിതാ പ്രീമിയര്‍ ലീഗില്‍ യുപി വാരിയേഴ്‌സിന്റെ മുഖ്യ പരിശീലകനായി താരം ചുമതലയേറ്റിരുന്നു. എന്നാല്‍ കാര്യമായ ചലനം യുപിയില്‍ ഉണ്ടാക്കാന്‍ താരത്തിനായിരുന്നില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍