കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ക്രിക്കറ്റ് റ്റീം സഹപരിശീലകന്‍ അഭിഷേക് നായരെയും ഫീല്‍ഡിങ്ങ് കോച്ച് ടി ദിലീപിനെയും ബിസിസിഐ പുറത്താക്കിയത്. ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലെ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്നാണ് തീരുമാനമെന്നാണ് വിശദീകരണമെങ്കിലും ഡ്രസ്സിങ്ങ് റൂം രഹസ്യങ്ങള്‍ ഇരുവരും ചോര്‍ത്തിയതാണ് തീരുമാനത്തിന് പിന്നിലെന്ന് ചില റിപ്പോര്‍ട്ടുകള്‍ വ്യക്തമാകുന്നു. മുഖ്യ പരിശീലകനായ ഗൗതം ഗംഭീറിന്റെ ഉറ്റ സുഹൃത്താണെങ്കിലും അഭിഷേകിനെ പുറത്താക്കാനുള്ള ബിസിസിഐ തീരുമാനത്തില്‍ ഗംഭീര്‍ എതിര്‍പ്പ് അറിയിച്ചില്ലെന്നാണ് സൂചന. ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഗംഭീര്‍ ഇന്ത്യന്‍ ടീമിന്റെ മുഖ്യപരിശീലകസ്ഥാനത്ത് എത്തിയതിന് ശേഷമാണ് അഭിഷേക് നായരെ സഹപരിശീലകനാക്കി നിയമിച്ചത്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ ഇരുവരും തമ്മില്‍ ഒപ്പം പ്രവര്‍ത്തിച്ചിരുന്നു. 2018 മുതല്‍ കൊല്‍ക്കത്തയുടെ കോച്ചിങ്ങ് സ്റ്റാഫിന്റെ ഭാഗമായിരുന്ന അഭിഷേക് നായര്‍ റിങ്കു സിംഗ് ഉള്‍പ്പടെയുള്ള താരങ്ങളെ വളര്‍ത്തിയെടുക്കുന്നതില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. എന്നാല്‍ കൊല്‍ക്കത്തയില്‍ നടത്തിയത് പോലുള്ള പ്രകടനം ദേശീയ ടീമില്‍ നടത്താന്‍ അഭിഷേകിന് സാധിച്ചിരുന്നില്ല.
ഡ്രസ്സിംഗ് റൂമിലെ അഭിഷേകിന്റെ സാന്നിധ്യത്തില്‍ താരങ്ങളില്‍ പലര്‍ക്കും അതൃപ്തിയുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് കരാര്‍ പുതുക്കില്ലെന്ന കാര്യം ബിസിസിഐ അഭിഷേകിനെ അറിയിക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്താകുന്നതോടെ അഭിഷേക് കൊല്‍ക്കത്തയ്‌ക്കൊപ്പം വീണ്ടും ചേരുമെന്നാണ് സൂചന.