ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നുള്ള വിരാട് കോലിയുടെ വിരമിക്കല്‍ തീരുമാനം ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതമായ ഒന്നായിരുന്നു. ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ പരാജയമായെങ്കിലും ടെസ്റ്റ് ഫോര്‍മാറ്റില്‍ തിരിച്ചെത്താനായി ആഭ്യന്തര ക്രിക്കറ്റിലടക്കം കോലി കളിച്ചിരുന്നു. എന്നാല്‍ ഇംഗ്ലണ്ട് പരമ്പരയില്‍ മോശം പ്രകടനം നടത്തിയാല്‍ ടീമില്‍ ഇടം ലഭിക്കില്ലെന്ന പരിശീലകന്‍ ഗൗതം ഗംഭീറിന്റെ കര്‍ശനമായ നിലപാടായിരുന്നു കോലിയുടെ വിരമിക്കലിന് ഒരുകാരണമായത്. കഴിഞ്ഞ ദിവസം നടന്ന ഒരു പരിപാടിയില്‍ വെച്ച് എന്തുകൊണ്ട് വിരമിച്ചെന്ന ചോദ്യം കോലിയ്ക്ക് നേരിടേണ്ടി വന്നിരുന്നു. ഈ ചോദ്യത്തിന് വ്യത്യസ്തമായ മറുപടിയാണ് താരം നല്‍കിയത്.
രണ്ട് ദിവസം മുന്‍പാണ് ഞാന്‍ താടി കറുപ്പിച്ചത്. എല്ലാ നാല് ദിവസം കൂടുമ്പോഴും താടി കറുപ്പിക്കേണ്ടിവരുമ്പോള്‍ നമ്മുറ്റെ സമയമായെന്ന് തിരിച്ചറിവുണ്ടാകുമല്ലോ എന്നാണ് തമാശരൂപേണ കോലി മറുപടി നല്‍കിയത്. സച്ചിന്‍,ബ്രയാന്‍ ലാറ, രവി ശാസ്ത്രി,കെവിന്‍ പീറ്റേഴ്‌സണ്‍, ക്രിസ് ഗെയ്ല്‍,ഗൗതം ഗംഭീര്‍ എന്നിവരും ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ ചില കളിക്കാറും ചടങ്ങില്‍ കോലിയ്‌ക്കൊപ്പമുണ്ടായിരുന്നു. അതേസമയം തന്റെ കരിയര്‍ രൂപപ്പെടുത്തുന്നതില്‍ മുന്‍ പരിശീലകനായ രവി ശാസ്ത്രി വലിയ പങ്ക് വഹിച്ചെന്നും ശാസ്ത്രി ഇല്ലായിരുന്നെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ സംഭവിച്ച പല മാറ്റങ്ങളും സാധ്യമാകില്ലായിരുന്നുവെന്നും കോലി വ്യക്തമാക്കി.