എനിക്ക് തോന്നുന്നില്ല, 2027ലെ ഏകദിന ലോകകപ്പിൽ കോലിയും രോഹിത്തും കാണില്ലെന്ന് ഗവാസ്കർ

അഭിറാം മനോഹർ

ചൊവ്വ, 13 മെയ് 2025 (15:41 IST)
2027ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ സീനിയര്‍ താരങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മയും ടീമിലുണ്ടാകാന്‍ സാധ്യതയില്ലെന്ന് ഇതിഹാസ താരമായ സുനില്‍ ഗവാസ്‌കര്‍. ഇന്ത്യ ടുഡെയോട് സംസാരിക്കവെയാണ് ഗവാസ്‌കറുടെ പ്രതികരണം. കോലിയുടെയും രോഹിത്തിന്റെയും സംഭാവനകളെ മാനിക്കുന്നുവെന്നും എന്നാല്‍ പ്രായവും കായികക്ഷമതയും രണ്ട് പേര്‍ക്കും വെല്ലുവിളിയാണെന്ന് ഗവാസ്‌കര്‍ വ്യക്തമാക്കി.
 
ഈ ഫോര്‍മാറ്റില്‍ വലിയ പ്രകടനങ്ങള്‍ കാഴ്ചവെച്ചവരാണ് രണ്ടുപേരും. എങ്കിലും സെലക്ഷന്‍ കമ്മിറ്റി ടീം തിരെഞ്ഞെടുക്കുക 2027 ലോകകപ്പിനെ മുന്നില്‍ കണ്ടായിരിക്കും. അവര്‍ക്ക് ഇപ്പോഴത്തെ പ്രകടനം 2027ലും കാഴ്ചവെയ്ക്കാനാകുമോ എന്ന് ചിന്തിക്കുന്നവരുണ്ടാകും. രോഹിത്തും  കോലിയും അടുത്തിടെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ടി20 ഫോര്‍മാറ്റില്‍ നിന്നും മാറിനില്‍ക്കുകയാണ്. 2025ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇരുവരും മികച്ച പ്രകടനങ്ങള്‍ തുടര്‍ന്നു. ഏകദിനങ്ങളില്‍ അവര്‍ മികച്ച ഫോമിലാണ്. എങ്കിലും 2027ലേക്കുള്ള യാത്ര അവര്‍ക്ക് കഠിനമായിരിക്കുമെന്ന് തോന്നുന്നു.
 
 എനിക്ക് അവര്‍ 2027ലെ ലോകകപ്പില്‍ കളിക്കുമെന്ന് തോന്നുന്നില്ല. എന്നാല്‍ ആര്‍ക്കറിയാം. അടുത്ത ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ അവര്‍ മികച്ച ഫോമില്‍ കളിക്കുകയും തുടര്‍ച്ചയായി സെഞ്ചുറികള്‍ നേടുകയും ചെയ്താല്‍ ദൈവത്തിന് പോലും അവരെ ഒഴിവാക്കാന്‍ കഴിയില്ല. ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍