അവന്‍ അവന്റെ 200 ശതമാനവും ശ്രമിച്ചു, എന്നാല്‍ ആ ബലഹീനത പരിഹരിക്കാനായില്ല, കോലിയുടെ വിരമിക്കലില്‍ പ്രതികരണവുമായി മുഹമ്മദ് കൈഫ്

അഭിറാം മനോഹർ

ചൊവ്വ, 13 മെയ് 2025 (14:16 IST)
ടെസ്റ്റ് ക്രിക്കറ്റില്‍ തന്റെ ബാറ്റിംഗ് ഫോം വീണ്ടെടുക്കുന്നതില്‍ പരാജയപ്പെട്ടതാണ് വിരാട് കോലിയുടെ വിരമിക്കലിന് കാരണമെന്ന് മുന്‍ ഇത്യന്‍ താരം മുഹമ്മദ് കൈഫ്. ഇംഗ്ലണ്ട് പര്യടനത്തില്‍ കോലി കളിക്കണമെന്നും മികച്ച പ്രകടനത്തോടെ കരിയര്‍ അവസാനിപ്പിക്കണമെന്നുമാണ് താന്‍ ആഗ്രഹിച്ചതെന്നും കൈഫ് പറഞ്ഞു.
 
 ഇന്ത്യന്‍ ക്രിക്കറ്റിന്റെ പോരാട്ടവീര്യത്തിന്റെ മുഖമായിരുന്നു കോലി. എതിരാളികളും വേദികളും പ്രശ്‌നമില്ലാതെ ബാറ്റ് വീശിയ പോരാളി. ക്രിക്കറ്റിലെ സകലറെക്കോര്‍ഡുകളും തകര്‍ത്ത് മുന്നേറുമെന്ന് കരുതിയിരിക്കവെയാണ് കോലിയ്ക്ക് ബാറ്റിങ്ങിലെ താളം നഷ്ടമായത്. ന്യൂസിലന്‍ഡിനെതിരെ ഹോം സീരീസില്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ പതറിയ കോലി ഓസ്‌ട്രേലിയയില്‍ പേസര്‍മാര്‍ക്ക് മുന്നില്‍ കീഴടങ്ങി.
 
പെര്‍ത്തില്‍ സെഞ്ചുറി നേടിയെങ്കിലും ഗതിമാറുന്ന വേഗതയേറിയ പന്തുകള്‍ക്ക് മറുപടി നല്‍കാന്‍ കോലി പ്രയാസപ്പെട്ടു. 10 ഇന്നിങ്ങ്‌സില്‍ എട്ടിലും സ്ലിപ്പിലും ക്യാച്ച് നല്‍കിയാണ് കോലി മടങ്ങിയത്. രഞ്ജിയില്‍ കളിച്ച് ബാറ്റിംഗ് ഫോം വീണ്ടെടൂക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഈ നിസഹായാവസ്ഥയാണ് കോലിയുടെ വിരമിക്കല്‍ തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് കൈഫിന്റെ വിലയിരുത്തല്‍.
 
ഓഫ്സ്റ്റമ്പിന് പുറത്തേക്ക് പോകുന്ന പന്തുകള്‍ വര്‍ഷങ്ങളായി കോലിയ്ക്ക് വെല്ലുവിളിയാണ്. ഓസീസ് പര്യടനത്തില്‍ ഇത് പ്രകടനമായി. സെഞ്ചുറി നേടിയിട്ടും തുടര്‍ന്നുള്ള ഇന്നിങ്ങ്‌സുകളില്‍ പരാജയപ്പെട്ടത് ഇതിനുള്ള തെളിവാണ്. പോരായ്മ പരിഹരിച്ച് മുന്നേറാന്‍ കോലി 200 ശതമാനവും അദ്ധ്വാനം ചെയ്തിട്ടുണ്ട്. എന്നാല്‍ അത് ഫലം ചെയ്തില്ലെന്നും കൈഫ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍