ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നുമുള്ള വിരാട് കോലിയുടെ അപ്രതീക്ഷിതമായ വിരമിക്കലിന്റെ ഞെട്ടലിലാണ് ക്രിക്കറ്റ് ലോകം. ഇഷ്ട ഫോര്‍മാറ്റായ ടെസ്റ്റില്‍ കോലിയ്ക്ക് കൂടുതല്‍ കാലം കളിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലും ബോര്‍ഡര്‍- ഗവാസ്‌കര്‍ പരമ്പരയിലും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കോലിയില്‍ നിന്നും രോഹിത്തില്‍ നിന്നും ഉണ്ടായത്. ഇതോടെ ബിസിസിഐ സീനിയര്‍ താരങ്ങളോട് മികച്ച പ്രകടനം ആവശ്യപ്പെട്ടെന്നും ഇല്ലെങ്കില്‍ ടീമില്‍ നിന്നും പുറത്തുപോകാന്‍ സാധ്യതയുണ്ടെന്നും വ്യക്തമാക്കിയതായാണ് സൂചനകള്‍.
ഇപ്പോഴിതാ വിരാട് കോലിയുടെ വിരമിക്കല്‍ തീരുമാനം തന്നെ ഞെടിച്ചെന്ന് പറയുകയാണ് രഞ്ജി ട്രോഫിയില്‍ ഡല്‍ഹിയുടെ കോച്ചായ ശരണ്‍ദീപ് സിംഗ്. ഫെബ്രുവരിയില്‍ ഡല്‍ഹിക്കായി കോലി രഞ്ജി കളിക്കാനിറങ്ങിയപ്പോള്‍ കോലി കളിച്ചത് ശരണ്‍ദീപിന് കീഴിലായിരുന്നു. ഇംഗ്ലണ്ടിനെതിരെ ജൂണില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് മുന്‍പ് ഇന്ത്യന്‍ എ ടീമിന്റെ പരിശീലന മത്സരത്തിലടക്കം കളിക്കുമെന്നാണ് കോലി തന്നോട് പറഞ്ഞിരുന്നതെന്ന് ശരണ്‍ദീപ് പറയുന്നു.
ഫോം പ്രശ്‌നങ്ങളോ, ഫിറ്റ്‌നസ് പ്രശ്‌നങ്ങളോ കോലിക്കില്ല, ഓസ്‌ട്രേലിയയില്‍ മികവ് കാണിക്കാനാവാതെ പോയതില്‍ കോലി നിരാശനായിരുന്നു. ഈ സാഹചര്യത്തിലാണ് ഇംഗ്ലണ്ടില്‍ മൂന്നോ നാലോ ടെസ്റ്റ് സെഞ്ചുറികള്‍ നേടുമെന്ന് കോലി തന്നോട് പറഞ്ഞതെന്നും ശരണ്‍ദീപ് പറഞ്ഞു. ടെസ്റ്റ് കരിയറില്‍ 123 മത്സരങ്ങളിലെ 210 ഇന്നിങ്ങ്‌സുകളില്‍ നിന്നും 46.85 റണ്‍സ് ശരാശരിയില്‍ 9230 റണ്‍സാണ് കോലി നേടിയത്. 7 ഇരട്ടസെഞ്ചുറികളടക്കം 30 സെഞ്ചുറികളും 31 അര്‍ധസെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു.