ഏഷ്യാകപ്പ് ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയെ നേരിടാനൊരുങ്ങുന്ന പാകിസ്ഥാന്‍ ടീമിന് ഉപദേശവുമായി പാക് ഇതിഹാസ പേസര്‍മാരായ വസീം അക്രമും വഖാര്‍ യൂനിസും. ഫൈനല്‍ മത്സരത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയെ നേരിടാനുള്ള ടിപ്പുകളാണ് മുന്‍ പാക് പേസര്‍മാര്‍ പങ്കുവെച്ചത്. ഏഷ്യാകപ്പില്‍ ഇതുവരെ 6 മത്സരങ്ങളില്‍ നിന്ന് 204.6 സ്‌ട്രൈക്ക്‌റേറ്റില്‍ 309 റണ്‍സാണ് അഭിഷേക് നേടിയിട്ടുള്ളത്.
ഫൈനല്‍ മത്സരത്തില്‍ അഭിഷേകിന് പെട്ടെന്ന് തന്നെ പുറത്താക്കാനായാല്‍ ഇന്ത്യയെ പ്രതിരോധത്തിലാക്കാന്‍ സാധിക്കുമെന്നാണ് പാക് ടീമിന്റെ കണക്കുകൂട്ടല്‍. കഴിഞ്ഞ സൂപ്പര്‍ 4 മത്സരത്തില്‍ 39 പന്തില്‍ 74 റണ്‍സുമായി അഭിഷേക് തിളങ്ങിയിരുന്നു. അഭിഷേക് മികച്ച പ്രതിഭയാണ്. ആദ്യ ഓവറുകളില്‍ തന്നെ കളി തന്റെ ടീമിന് അനുകൂലമാക്കാന്‍ സാധിക്കുന്ന താരം. എന്നാല്‍ എല്ലാവര്‍ക്കും വീക്ക്‌നെസുകളുണ്ട്. എല്ലാവര്‍ക്കും മോശം ദിവസങ്ങളും ഉണ്ടാകും. അഭിഷേകിന് ആ മോശം ദിനം ചിലപ്പോള്‍ നാളെയാകാം. ആദ്യ ഓവറുകളില്‍ തന്നെ മികച്ച യോര്‍ക്കറുകള്‍ അഭിഷേകിനെ തളര്‍ത്തിയേക്കാം. വഖാര്‍ യൂനിസ് അഭിപ്രായപ്പെട്ടു.
അതേസമയം ഷഹീന്‍ അഫ്രീദി മികച്ച ലെങ്തിലുള്ള പന്തുകളാണ് അഭിഷേകിനെതിരെ എറിയേണ്ടതെന്ന് വസീം അക്രം അഭിപ്രായപ്പെട്ടു. കഴിഞ്ഞ 2 മത്സരങ്ങളിലും അഭിഷേകിനെതിരെ ഫുള്‍ ലെങ്ത് ബോളുകളാണ് ഷഹീന്‍ എറിഞ്ഞത്. ഈ ലെങ്ത് ഷഹീന്‍ മാറ്റേണ്ടതുണ്ട്. അതേസമയം അഭിഷേകിനെതിരെ സ്റ്റമ്പ്‌സ് ലക്ഷ്യമാക്കിയുള്ള പന്തുകളാണ് എറിയേണ്ടതെന്നും ചിലപ്പോള്‍ എഡ്ജ് വരാന്‍ സാധ്യതയുണ്ടെന്നും മുന്‍ പാക് പേസറായ മുഹമ്മദ് ആമിറും അഭിപ്രായപ്പെട്ടു.