വേണ്ടതൊരു സൂപ്പർ പ്രകടനം, ധോനിയും പന്തും പുറകിലാകും, ഏഷ്യാകപ്പ് ഫൈനലിൽ സഞ്ജുവിനെ തേടി അനവധി റെക്കോർഡുകൾ

അഭിറാം മനോഹർ

ഞായര്‍, 28 സെപ്‌റ്റംബര്‍ 2025 (11:59 IST)
ഏഷ്യാകപ്പ് ഫൈനല്‍ മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണിന്റെ പ്രകടനം ഉറ്റുനോക്കുകയാണ് മലയാളികള്‍ അടങ്ങിയ വലിയൊരു വിഭാഗം ആരാധകര്‍. ടൂര്‍ണമെന്റിലുടനീളം കൃത്യമല്ലാത്ത ബാറ്റിങ് സ്‌പോട്ടുകളിലാണ് ബാറ്റ് ചെയ്യേണ്ടിവന്നതെങ്കിലും മികച്ച പ്രകടനമാണ് തന്റെ പുതിയ റോളില്‍ സഞ്ജു കാഴ്ചവെച്ചത്. ടൂര്‍ണമെന്റില്‍ ഇതുവരെയായി 3 ഇന്നിങ്ങ്‌സുകളില്‍ നിന്ന് 36 റണ്‍സ് ശരാശരിയില്‍ 108 റണ്‍സാണ് താരം സ്വന്തമാക്കിയത്. ഇതില്‍ ഒമാനെതിരെ നേടിയ  അര്‍ധസെഞ്ചുറിയും ഉള്‍പ്പെടുന്നു.
 
 ഫൈനല്‍ മത്സരത്തില്‍ പാകിസ്ഥാനെതിരെ ഇറങ്ങുമ്പോള്‍ നിരവധി റെക്കോര്‍ഡുകളാണ് സഞ്ജുവിനെ കാത്തിരിക്കുന്നത്. മത്സരത്തില്‍ 31 റണ്‍സ് നേടാനായാല്‍ അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ 1000 റണ്‍സ് എന്ന നേട്ടം സ്വന്തമാക്കാന്‍ സഞ്ജുവിനാകും. നിലവില്‍ 48 മത്സരങ്ങളില്‍ നിന്ന് 26.18 ശരാശരിയില്‍ 969 റണ്‍സാണ് താരത്തിനുള്ളത്. ശ്രീലങ്കക്കെതിരെ സൂപ്പര്‍ ഫോറില്‍ നേടിയ സിക്‌സുകളിലൂടെ ഇന്ത്യയ്ക്കായി ടി20യില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന വിക്കറ്റ് കീപ്പര്‍ ബാറ്ററെന്ന റെക്കോര്‍ഡ് സഞ്ജു സ്വന്തമാക്കിയിരുന്നു.
 
 48 ഇന്നിങ്‌സുകളില്‍ നിന്നും 55 സിക്‌സുകളാണ് സഞ്ജു സ്വന്തമാക്കിയത്. 85 ഇന്നിങ്ങ്‌സുകളില്‍ നിന്നും 52 സിക്‌സുകള്‍ നേടിയിട്ടുള്ള ഇതിഹാസ കീപ്പര്‍ മഹേന്ദ്ര സിംഗ് ധോനിയെയാണ് സഞ്ജു പിന്തള്ളിയത്. 66 ഇന്നിങ്ങ്‌സുകളില്‍ നിന്നും 44 സിക്‌സുകളുള്ള റിഷഭ് പന്താണ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത്.
 
അതേസമയം ഇന്ന് നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ 64 റണ്‍സ് നേടാനായാല്‍ ഇന്ത്യയ്ക്കായി ഒരു ടി20 ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന വിക്കറ്റ് കീപ്പര്‍ ബാറ്ററായി സഞ്ജു മാറും. നിലവില്‍ ടി20 ലോകകപ്പില്‍ 8 മത്സരങ്ങളില്‍ നിന്നും 171 റണ്‍സ് നേടിയ റിഷഭ് പന്തിന്റെ പേരിലാണ് ഈ റെക്കോര്‍ഡുള്ളത്. 2007ലെ ഐസിസി ടി20 ലോകകപ്പില്‍ 6 ഇന്നിങ്ങ്‌സുകളില്‍ നിന്നും 154 റണ്‍സ് നേടിയ മഹേന്ദ്ര സിംഗ് ധോനിയും സഞ്ജുവിന് മുന്നിലുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍