India vs Pakistan: ഹാര്‍ദിക് കളിക്കുമോ? ജയിക്കുന്നത് കാണിച്ചുതരാമെന്ന് പാക് നായകന്‍; ഇന്ന് കലാശപ്പോര്

രേണുക വേണു

ഞായര്‍, 28 സെപ്‌റ്റംബര്‍ 2025 (09:51 IST)
India vs Pakistan, Asia Cup 2025 Final: ഏഷ്യ കപ്പില്‍ ഇന്ന് ഇന്ത്യ-പാക്കിസ്ഥാന്‍ ഫൈനല്‍. ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി എട്ട് മുതലാണ് മത്സരം. ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോറിലും പാക്കിസ്ഥാനെ ഇന്ത്യ തോല്‍പ്പിച്ചു. 
 
ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ പേശി വലിവിനെ തുടര്‍ന്ന് കളംവിട്ട ഹാര്‍ദിക് പാണ്ഡ്യയ്ക്കു ഇന്നു കളിക്കാന്‍ സാധിക്കുമോയെന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ല. ടീം ഫിസിയോയുടെ നിരീക്ഷണത്തിലാണ് ഹാര്‍ദിക് ഇപ്പോള്‍. സഞ്ജു സാംസണ്‍ അഞ്ചാമനായി ഇറങ്ങും. പേസ് നിരയിലേക്ക് ജസപ്രിത് ബുംറ തിരിച്ചെത്തും. 
 
സാധ്യത ഇലവന്‍: അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ / ശിവം ദുബെ, റിങ്കു സിങ്, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രിത് ബുംറ, വരുണ്‍ ചക്രവര്‍ത്തി 
 
ഇന്ത്യയെ തോല്‍പ്പിക്കാമെന്ന പ്രതീക്ഷയിലാണ് പാക്കിസ്ഥാന്‍. ഏറ്റവും മികച്ചത് ഫൈനലിലേക്കായി മാറ്റിവെച്ചിരിക്കുകയാണെന്ന് പാക് നായകന്‍ സല്‍മാന്‍ അലി അഗ പറഞ്ഞു. ' ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോറിലും ഞങ്ങള്‍ അവരേക്കാള്‍ കൂടുതല്‍ പിഴവുകള്‍ വരുത്തി. അതുകൊണ്ടാണ് ഞങ്ങള്‍ തോറ്റത്. അവരേക്കാള്‍ കുറവ് പിഴവ് വരുത്തിയാല്‍ ഉറപ്പായും ഞങ്ങള്‍ക്കു ജയിക്കാന്‍ സാധിക്കും. പിഴവുകള്‍ പരിഹരിക്കാന്‍ ഞങ്ങള്‍ പരിശ്രമിക്കും. ഇന്‍ഷാ അള്ളാ, നാളെ ഞങ്ങള്‍ ജയിക്കുന്ന കാഴ്ച നിങ്ങള്‍ കാണും. ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാനാണ് ഞങ്ങള്‍ പരിശ്രമിക്കുന്നത്. ഞങ്ങള്‍ മികച്ച രീതിയില്‍ കളിക്കുകയും 40 ഓവറിലേക്ക് കൃത്യമായി പദ്ധതികള്‍ തയ്യാറാക്കുകയും ചെയ്താല്‍ ഉറപ്പായും ഞങ്ങള്‍ക്കു ഏത് ടീമിനെയും തോല്‍പ്പിക്കാന്‍ സാധിക്കും. ഞങ്ങളുടെ ഏറ്റവും മികച്ചത് ഫൈനലിലേക്കായി മാറ്റിവെച്ചിരിക്കുകയാണ്,' സല്‍മാന്‍ അഗ പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍