Virat Kohli wants to retire from Test Cricket: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ ആഗ്രഹം; ബിസിസിഐയെ അറിയിച്ച് കോലി

രേണുക വേണു

ശനി, 10 മെയ് 2025 (08:35 IST)
Virat Kohli: വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ ആഗ്രഹിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട്. കോലി ഇക്കാര്യം ബിസിസിഐ നേതൃത്വത്തെ അറിയിച്ചെന്നും അന്തിമ തീരുമാനം ഉടനുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 
 
' ടെസ്റ്റ് ക്രിക്കറ്റ് അവസാനിപ്പിക്കാന്‍ കോലി തീരുമാനമെടുത്തു കഴിഞ്ഞു. ഇക്കാര്യം ബിസിസിഐയെ അറിയിച്ചു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര അടുത്തിരിക്കെ തല്‍ക്കാലത്തേക്ക് ഈ തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്ന് ബിസിസിഐ കോലിയോടു അഭ്യര്‍ഥിച്ചു. തീരുമാനം പുനര്‍വിചിന്തനം നടത്തണമെന്ന് ബിസിസിഐ ആവശ്യപ്പെട്ടു. എന്നാല്‍ വിരമിക്കല്‍ തീരുമാനത്തില്‍ നിന്ന് കോലി പിന്നോട്ടു പോയിട്ടില്ല,' ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു. 
 
മേയ് ഏഴിന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ഞെട്ടലില്‍ ആരാധകര്‍ നില്‍ക്കുമ്പോഴാണ് കോലിയുടെ വിരമിക്കല്‍ തീരുമാനം. ഇംഗ്ലണ്ട് പര്യടനത്തിനു ശേഷം കോലിക്ക് അന്തിമ തീരുമാനമെടുക്കാമെന്നാണ് നിലവില്‍ ബിസിസിഐയുടെ നിലപാട്. അടുത്ത ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ചക്രത്തിലെ ആദ്യ പരമ്പരയാണ് ഇന്ത്യ ഇംഗ്ലണ്ടില്‍ കളിക്കാന്‍ പോകുന്നത്. അതില്‍ രോഹിത്തിനൊപ്പം കോലി കൂടി ഇല്ലെങ്കില്‍ ടീമിനെ പ്രതികൂലമായി ബാധിച്ചേക്കുമെന്നാണ് ബിസിസിഐ വിലയിരുത്തല്‍. 
 
36 കാരനായ കോലി ഇന്ത്യക്കായി 123 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 46.85 ശരാശരിയില്‍ 9,230 റണ്‍സ് നേടിയിട്ടുണ്ട്. ബോര്‍ഡര്‍ - ഗാവസ്‌കര്‍ ട്രോഫിയില്‍ അഞ്ച് ടെസ്റ്റ് മത്സരങ്ങളില്‍ വെറും 23.75 ആയിരുന്നു കോലിയുടെ ശരാശരി. സമീപകാലത്ത് ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കായി മികച്ച പ്രകടനങ്ങള്‍ നടത്താന്‍ സാധിക്കാത്തതാണ് കോലിയെ വിരമിക്കല്‍ ആലോചനകളിലേക്ക് എത്തിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍