ക്രിക്കറ്റിലെ അപൂർവ റെക്കോർഡിന് കോലി- രോഹിത് സഖ്യത്തിന് വേണ്ടിയിരുന്നത് ഒരു റൺസ് മാത്രം, അവസരം നഷ്ടപ്പെടുത്തി വിരമിക്കൽ തീരുമാനം

അഭിറാം മനോഹർ

വ്യാഴം, 8 മെയ് 2025 (17:54 IST)
ഇന്ത്യന്‍ ക്രിക്കറ്റ് കണ്ടതില്‍ തന്നെ ഏറ്റവും മികച്ച ബാറ്റര്‍മാരും സുഹൃത്തുക്കളുമാണ് വിരാട് കോലിയും രോഹിത് ശര്‍മയും. വിരാട് കോലി ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായി പരിഗണിക്കപ്പെടുമ്പോള്‍ ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിലെ മികച്ച താരങ്ങളില്‍ ഒരാളാണ് രോഹിത് ശര്‍മ. ടി20 ലോകകപ്പ് നേട്ടത്തോടെ കോലിയും രോഹിത്തും ഒന്നിച്ചാണ് ടി20 ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചത്. അതേസമയം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നുള്ള രോഹിത്തിന്റെ വിരമിക്കല്‍ തീരുമാനം തികച്ചും അപ്രതീക്ഷിതമാണ്.
 
കളിക്കളത്തില്‍ ഇന്ത്യയ്ക്ക് ഒരുപാട് വിജയങ്ങള്‍ നേടിതന്ന വിരാട് കോലി- രോഹിത് കൂട്ടുക്കെട്ട് ക്രിക്കറ്റിലെ ഒരു അപൂര്‍വ നേട്ടം സ്വന്തമാക്കാന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ വെറും ഒരു റണ്‍സ് അകലെ നില്‍ക്കുമ്പോഴാണ് ടെസ്റ്റില്‍ നിന്നുള്ള രോഹിത്തിന്റെ വിരമിക്കല്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 3 ഫോര്‍മാറ്റിലുമായി 1000 റണ്‍സ് കൂട്ടുക്കെട്ട് ഉണ്ടാക്കിയ താരങ്ങള്‍ ആരും തന്നെയില്ല. ഈ നേട്ടത്തിന് ഒരു റണ്‍സ് അകലെ മാത്രം വെച്ചാണ് രോഹിത്തിന്റെ വിരമിക്കല്‍.
 
 ഏകദിന മത്സരങ്ങളില്‍ 5315 റണ്‍സാണ് കോലി- രോഹിത് സഖ്യം നേടിയിട്ടുള്ളത്. ടി20യിലാകട്ടെ 1350 റണ്‍സും ഇരുവരും ചേര്‍ന്ന് നേടി. ടെസ്റ്റില്‍ ഇത് 999 റണ്‍സായിരുന്നു. ഒരു റണ്‍സ് കൂടി നേടാനായാല്‍ ക്രിക്കറ്റിലെ 3 ഫോര്‍മാറ്റിലുമായി 1000 റണ്‍സ് കൂട്ടുക്കെട്ട് പടുത്തുയര്‍ത്തുന്ന താരങ്ങളായി കോലി- രോഹിത് എന്നിവര്‍ക്ക് മാറാമായിരുന്നു.
 
 ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന 5 മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്ക് തൊട്ട് മുന്‍പായാണ് രോഹിത് ശര്‍മയുടെ വിരമിക്കല്‍. സമീപകാലത്തായി ടെസ്റ്റ് ക്രിക്കറ്റിലെ മോശം പ്രകടനത്തിന്റെ പേരില്‍ രോഹിത്തിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നുവെങ്കിലും ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ടീമിനെ നയിക്കാന്‍ രോഹിത് താത്പര്യം പ്രകടിപ്പിചിരുന്നു. എന്നാല്‍ പുതിയ ല്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ പുതിയ നായകന് കീഴില്‍ ടീമിനെ കളിപ്പിക്കാനാണ് ടീം മനേജ്‌മെന്റ് താത്പര്യപ്പെട്ടത്. ഈ സാഹചര്യത്തിലായിരുന്നു രോഹിത്തിന്റെ അപ്രതീക്ഷിത തീരുമാനം.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍