India's New Test Captain: ബുംറയ്ക്ക് ക്യാപ്റ്റന്‍സി നല്‍കില്ല; ഗില്ലിനും പന്തിനും സാധ്യത

രേണുക വേണു

വ്യാഴം, 8 മെയ് 2025 (11:05 IST)
India's New Test Captain: ടെസ്റ്റ് നായകസ്ഥാനത്തേക്ക് രോഹിത് ശര്‍മയുടെ പിന്‍ഗാമിയായി ആരെ വേണമെന്ന ചര്‍ച്ചകള്‍ ബിസിസിഐ നേതൃത്വം ആരംഭിച്ചു. ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും ബിസിസിഐ നേതൃത്വവും ഉടന്‍ കൂടിക്കാഴ്ച നടത്തും. ഇംഗ്ലണ്ട് പര്യടനത്തിനു മുന്‍പ് പുതിയ ടെസ്റ്റ് നായകനെ പ്രഖ്യാപിക്കണം. 
 
ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ രോഹിത് കളിക്കാതിരുന്ന മത്സരങ്ങളില്‍ ജസ്പ്രിത് ബുംറയാണ് ടീമിനെ നയിച്ചത്. എന്നാല്‍ രോഹിത് നായകസ്ഥാനം ഒഴിയുമ്പോള്‍ പകരക്കാരനായി ബുംറ എത്താന്‍ സാധ്യത കുറവാണ്. ഫിറ്റ്‌നെസ് പ്രശ്‌നങ്ങള്‍ സ്ഥിരമായുള്ളതിനാല്‍ ബുംറയ്ക്ക് എല്ലാ ടെസ്റ്റ് മത്സരങ്ങളിലും കളിക്കാന്‍ സാധിക്കില്ല. അതിനാല്‍ ബുംറയെ സ്ഥിരം നായകനാക്കുന്നത് ഉചിതമല്ലെന്നാണ് സെലക്ടര്‍മാരുടെ വിലയിരുത്തല്‍. 
 
രോഹിത്തിന്റെ പിന്‍ഗാമിയായി ബിസിസിഐയും സെലക്ടര്‍മാരും പരിഗണിക്കുന്ന പ്രധാന താരം ശുഭ്മാന്‍ ഗില്‍ ആണ്. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ രോഹിത്തിനു പകരം ബുംറ നയിച്ചപ്പോള്‍ ഉപനായകസ്ഥാനം ലഭിച്ചത് ഗില്ലിനാണ്. ചാംപ്യന്‍സ് ട്രോഫിയില്‍ ഗില്‍ തന്നെയായിരുന്നു ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നയിക്കുന്ന ഗില്ലിന്റെ നേതൃശേഷിയില്‍ ബിസിസിഐയും സെലക്ടര്‍മാരും പൂര്‍ണ തൃപ്തരാണ്. 
 
ഗില്‍ കഴിഞ്ഞാല്‍ നായകസ്ഥാനത്തേക്ക് പരിഗണിക്കുന്ന താരങ്ങളുടെ പട്ടികയില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരായ റിഷഭ് പന്തും കെ.എല്‍.രാഹുലുമുണ്ട്. മൂന്ന് ഫോര്‍മാറ്റിലും ഒരേ നായകന്‍ മതിയെന്ന് ബിസിസിഐ തീരുമാനിക്കുകയാണെങ്കില്‍ ഇരുവര്‍ക്കും സാധ്യത കുറയും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍