India vs Pakistan: പ്രതികാരം ചെയ്യുമെന്ന് പാക്കിസ്ഥാന്‍, വ്യോമാതിര്‍ത്തി അടച്ചുപൂട്ടി; അതിര്‍ത്തികളില്‍ അതീവ ജാഗ്രത

രേണുക വേണു

വ്യാഴം, 8 മെയ് 2025 (09:49 IST)
India vs Pakistan: 'ഓപ്പറേഷന്‍ സിന്ദൂറി'നു പകരംവീട്ടുമെന്ന് പാക്കിസ്ഥാന്‍. നിഷ്‌കളങ്കരായ മനുഷ്യരുടെ ജീവനാണ് തങ്ങള്‍ക്കു നഷ്ടപ്പെട്ടതെന്നും അതിനു തിരിച്ചടിയുണ്ടാകുമെന്നും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് പറഞ്ഞു. ഇന്ത്യയെ ആക്രമിക്കാന്‍ പാക്കിസ്ഥാന്‍ പദ്ധതികളിടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. 
 
' നിഷ്‌കളങ്കരായ രക്തസാക്ഷികളുടെ ചോരയ്ക്ക് ഞങ്ങള്‍ പ്രതികാരം ചെയ്യും,' പാക് പ്രധാനമന്ത്രി പറഞ്ഞു. കറാച്ചി, ലാഹോര്‍, സില്‍ക്കോട്ട് എന്നീ വിമാനത്താവളങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ പാക്കിസ്ഥാന്‍ പൂര്‍ണമായും റദ്ദാക്കി. പാക്കിസ്ഥാന്‍ വ്യോമാതിര്‍ത്തി അടച്ചതായും എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ലാഹോര്‍, ഇസ്ലമാബാദ് എന്നിവിടങ്ങളില്‍ വാണിജ്യ വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി റദ്ദാക്കിയിട്ടുണ്ട്. നേരത്തെ ഇന്ത്യന്‍ വിമാനങ്ങള്‍ക്കു മാത്രമേ പാക്കിസ്ഥാന്റെ വ്യോമമേഖലയില്‍ പ്രവേശിക്കാന്‍ വിലക്കുണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ സ്വന്തം സിവിലിയന്‍ വിമാനങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ വ്യോമാതിര്‍ത്തി പൂര്‍ണമായും പാക്കിസ്ഥാന്‍ അടച്ചിരിക്കുകയാണ്. 
 
ലാഹോറില്‍ സ്‌ഫോടനം നടന്നതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. നഗരത്തിലെ വാള്‍ട്ടന്‍ റോഡില്‍ വെച്ച് ഇന്ത്യന്‍ ഡ്രോണ്‍ വെടിവെച്ചിട്ടതായി പാക്കിസ്ഥാന്‍ ന്യൂസ് ചാനലായ സമാ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. 
 
അതേസമയം പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് ഇനി ആക്രമണം ഉണ്ടായാല്‍ കൂടുതല്‍ ശക്തമായി തിരിച്ചടിക്കാന്‍ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ശ്രീനഗര്‍, ജമ്മു അടക്കം 27 വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം റദ്ദാക്കി. 430 വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. 
 
ഇന്ത്യന്‍ അധീന കശ്മീരിലെ പൂഞ്ചില്‍ പാക്കിസ്ഥാന്‍ ആക്രമണം നടത്തിയതായി വാര്‍ത്തകള്‍ പുറത്തുവരുന്നു. ഉറിയിലും വീടുകള്‍ കത്തിനശിച്ചിട്ടുണ്ട്. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേര്‍ പരുക്കേറ്റ് ചികിത്സയിലാണ്. അതിര്‍ത്തിയിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍