പൂഞ്ചില്‍ ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ന്ന നിലയിലാണ്. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിര്‍ത്തി മേഖലകളില്‍ ഷെല്‍ ആക്രമണം തുടരാനാണ് പാക്കിസ്ഥാന്‍ തീരുമാനം. ഷെല്‍ ആക്രമണം നടന്ന ഉറിയില്‍ നിന്ന് ആളുകള്‍ പലായനം ചെയ്യുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. നിയന്ത്രണരേഖയ്ക്കു സമീപമുള്ള അവസാന ഇന്ത്യന്‍ ഗ്രാമമായ സലാമാബാദില്‍ ഷെല്ലാക്രമണത്തില്‍ മൂന്ന് വീടുകള്‍ പൂര്‍ണമായി കത്തി നശിച്ചു. അഞ്ച് വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഗുരുതരമായി പരുക്കേറ്റ പ്രദേശവാസികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ജനവാസ മേഖലകളില്‍ പാക്കിസ്ഥാന്‍ ഷെല്ലാക്രമണം തുടരുന്നതിനാല്‍ ഇന്ത്യയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ അതീവ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്.
ഓപ്പറേഷന്‍ സിന്ദൂറിനുള്ള തിരിച്ചടിയെന്നാണ് പാക്കിസ്ഥാന്‍ ഇപ്പോഴത്തെ ആക്രമണങ്ങളെ ന്യായീകരിക്കുന്നത്. നിഷ്‌കളങ്കരായ മനുഷ്യരുടെ ജീവനാണ് തങ്ങള്‍ക്കു നഷ്ടപ്പെട്ടതെന്നും അതിനു തിരിച്ചടിയുണ്ടാകുമെന്നും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് പറഞ്ഞു. ഇന്ത്യയെ ആക്രമിക്കാന്‍ പാക്കിസ്ഥാന്‍ പദ്ധതികളിടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. 'നിഷ്‌കളങ്കരായ രക്തസാക്ഷികളുടെ ചോരയ്ക്ക് ഞങ്ങള്‍ പ്രതികാരം ചെയ്യും,' പാക് പ്രധാനമന്ത്രി പറഞ്ഞു. കറാച്ചി, ലാഹോര്‍, സില്‍ക്കോട്ട് എന്നീ വിമാനത്താവളങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ പാക്കിസ്ഥാന്‍ പൂര്‍ണമായും റദ്ദാക്കി. പാക്കിസ്ഥാന്‍ വ്യോമാതിര്‍ത്തി അടച്ചതായും എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ലാഹോര്‍, ഇസ്ലമാബാദ് എന്നിവിടങ്ങളില്‍ വാണിജ്യ വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി റദ്ദാക്കിയിട്ടുണ്ട്. നേരത്തെ ഇന്ത്യന്‍ വിമാനങ്ങള്‍ക്കു മാത്രമേ പാക്കിസ്ഥാന്റെ വ്യോമമേഖലയില്‍ പ്രവേശിക്കാന്‍ വിലക്കുണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ സ്വന്തം സിവിലിയന്‍ വിമാനങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ വ്യോമാതിര്‍ത്തി പൂര്‍ണമായും പാക്കിസ്ഥാന്‍ അടച്ചിരിക്കുകയാണ്.